ആധുനിക വാതകശ്മശാനം മാലിന്യനിക്ഷേപകേന്ദ്രമായി
1580596
Saturday, August 2, 2025 12:52 AM IST
വടക്കാഞ്ചേരി: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പൊതുശ്മശാനം കാടുകയറിയും മാലിന്യങ്ങൾ ശേഖരിച്ചും നശിക്കുന്നു.
46 ലക്ഷം രൂപ ചെലവിട്ട് ആധുനിക രീതിയിൽ നിർമിച്ച ഗ്യാസ് ക്രിമറ്റോറിയമാണ് തകരുന്നത്. രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ഇഴജന്തുക്കളുടെ ആവാസകേന്ദ്രവുമായി കെട്ടിടം മാറിക്കഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ എട്ടുലക്ഷം രൂപയും വടക്കാഞ്ചേരി പഞ്ചായത്ത് 18 ലക്ഷം രൂപയും ചെലവിട്ടാണ് പൊതുശ്മശാനം നിര്‍മിച്ചത്. സിന്ധു സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് യുഡി എഫ് ഭരണസമിതിയാണ് നിർമാണം പൂർത്തീകരിച്ചത്.
പിന്നീടുനടന്ന തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി, മ ുണ്ടത്തികോട് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് നഗരസഭയാക്കുകയും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തതോടെ അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ശ്മശാനത്തിലേക്കുള്ള വഴി ടൈൽസ്വിരിച്ച് വൃത്തിയാക്കിയെങ്കിലും പിന്നീട് പൊളിച്ചുനീക്കി.
നഗരസഭയിലെ പാവപ്പെട്ടവര്‍ മരണപ്പെടുമ്പോൾ മൃതദേഹം ദൂരെ സ്ഥലങ്ങളിൽ കൊണ്ടുപോകാതെ ഓട്ടുപാറ - വാഴാനി റോഡിലുള്ള എങ്കക്കാട് പൊതുശ്മശാനത്തിലെത്തിച്ച് ചുരുങ്ങിയ നിരക്കിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ സംസ്കരിക്കാനാണ് പദ്ധതി നടപ്പാക്കിയത്.
വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ മെഷിനറികൾ കൊണ്ടുവന്ന് ശമ്ശാനത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ നഗരസഭ ഭരണസമിതിക്ക് കഴിഞ്ഞില്ല. അതിനുപകരം നഗരസഭയിലെ 41 ഡിവിഷനുകളിൽനിന്നു ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം മുഴുവൻപൊതുശ്മശാനത്തിലാണ് സ്റ്റോക്ക് ചെയ്യുന്നത്.
ഇതു മായി ബന്ധപ്പെട്ട് നിരവധിതവണ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു കോൺഗ്രസ് പറയുന്നു. ഉടൻ മാലിന്യം നീക്കംചെയ്യുകയും ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകാനൊരുങ്ങുകയാണ് കോൺഗ്രസ്.