കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധാഗ്നി പടരുന്നു
1580607
Saturday, August 2, 2025 12:52 AM IST
പുത്തൻവേലിക്കരയിൽ പ്രതിഷേധമിരന്പി
പുത്തൻവേലിക്കര: ഛത്തീസ്ഗഡിൽ സിസ്റ്റേഴ്സിനെതിരേ നടക്കുന്ന കള്ളപ്രചാരണങ്ങൾക്കും അറസ്റ്റിനും എതിരേ പുത്തൻവേലിക്കരയിലെയും സമീപപ്രദേശങ്ങളിലെയും പള്ളികളിൽ നിന്നുള്ള വിശ്വാസികൾ അണിനിരന്നുകൊണ്ട് വൻ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടന്നു. സ്റ്റേഷൻ കടവുഭാഗത്തുനിന്നും ആരംഭിച്ച് പുത്തൻവേലിക്കര ബസാറിൽ പൊതുസമ്മേളനത്തോടുകൂടി പ്രതിഷേധപരിപാടി സമാപിച്ചു.
സ്റ്റേഷൻ കടവിൽനിന്നും ആരംഭിച്ച പ്രതിഷേധറാലി കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടപ്പുറം രൂപതയിലെയും ഇരിങ്ങാലക്കുട രൂപതയിലെയും പുത്തൻവേലിക്കര മേഖലയിലുള്ള എല്ലാ പള്ളികളും ഒരുമിച്ചായിരുന്നു പ്രതിഷേധ സംഗമത്തി ൽ പങ്കെടുത്തത്.
പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. ജോളി വടക്കൻ ഉദ്ഘാടനം ചെയ്തു. ഡിവൈൻ വോയ് സ് ചീഫ് എഡിറ്റർ പി.ജെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. മാനാഞ്ചേരിക്കുന്ന് സെന്റ്് പോൾസ് പള്ളി വികാരി ഫാ. ഷാജു കുരിശിങ്കൽ അധ്യക്ഷത വഹിച്ചു. കീഴൂപ്പാടം പള്ളി വികാരി ഫാ. ജോസഫ് ഒളാട്ടുപുറം,തിരുത്തിപ്പുറം പള്ളി വികാരി ഫാ. ജോയ് സ്രാമ്പിക്കൽ, കുരിശിങ്കൽ പള്ളി വികാരി ഫാ. ബിജു തേങ്ങാപ്പുരക്കൽ, കരോട്ടുകര പള്ളി വികാരി ഫാ. സുഭീഷ് വട്ടപ്പറമ്പിൽ, ജപമാല പള്ളി വികാരി ഫാ. ജോജോ പയ്യപ്പിള്ളി, മാളവന സെന്റ്് ജോർജ് പള്ളി വികാരി ഫാ. ജെയിംസ് അതിയുന്തൻ, തിരുത്തൂർ പള്ളി വികാരി ഫാ.ജോഷി മുട്ടിക്കൽ, പുത്തൻവേലിക്കര ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. കോളിൻ ആട്ടോക്കാരൻ, മടത്തുംപടി ചാരിറ്റി കോൺവന്റ്് മദർ സുപ്പീരിയർ സിസ്റ്റർ റോസ് തെരേസ, മേരിവാർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിദ്യ, ഉണ്ണിമിശിഹാ പള്ളി കേന്ദ്രസമിതി പ്രസിഡന്റ് അബ്രഹാം കണ്ണങ്ങനാട്ടിൽ, കൈക്കാരന്മാർ തുടങ്ങിയവർ പ്രസംഗിച്ചു.