രോഗനിർമാർജനവും പ്രതിരോധവും സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം: മന്ത്രി
1580608
Saturday, August 2, 2025 12:52 AM IST
കൊരട്ടി: രോഗപ്രതിരോധവും രോഗനിർമാർജനവും സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണെന്നും അടിസ്ഥാന സൗകര്യവികസനങ്ങൾ അടക്കം ആരോഗ്യമേഖലയിൽ ഫലപ്രദമായി ഇടപെടാൻ സർക്കാരിനു കഴിഞ്ഞതായും ആരോഗ്യമന്ത്രി വീണാ ജോർജ്. ഗോത്രമേഖലയിൽ മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതും കേരളത്തിൽ ഹൃദയാഘാതംമൂലം മരിക്കുന്നവരുടെ എ ണ്ണം 30 ശതമാനത്തിൽനിന്നും നാലു ശതമാനമാക്കി കുറയ്ക്കാൻ കഴിഞ്ഞതും ആരോഗ്യരംഗത്തെ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ മൂലമാണെന്നും മന്ത്രി പറഞ്ഞു.
തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിൽ 17 കോടി നബാഡ് ഫണ്ട് വിനിയോഗിച്ച് നിർമിച്ച പുതിയ ഐപി കെട്ടിടത്തിന്റെയും 2.5 കോടി എൻഎച്ച്എം ഫണ്ട് ഉപയോഗപ്പെടുത്തി നിർമിച്ച റീജിയണൽ ട്രെയിനിംഗ് സെന്റർ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മെഡിക്കൽ കോളജുകളിലും റീജിയണൽ കാൻസർ സെന്ററുകളിലും മാത്രമാണ് കാൻസർ ചികിത്സ നടത്തിയിരുന്നതെങ്കിൽ ഇന്ന് ജില്ലാ ആശുപത്രികളിലേക്ക് ചികിത്സ വികേന്ദ്രീകരിക്കാനായെന്നും ആർദ്രമിഷൻ നടപ്പിലാക്കിയതുവഴി ഏറ്റവും കൂടുതൽ തസ്തികകൾ ആരോഗ്യ മേഖലയിൽ സൃഷ്ടിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ, ചോർന്നൊലിക്കുന്ന കെട്ടിടങ്ങളിലായിരുന്നു 65 പുരുഷന്മാരും 23 വനിതകളും അടക്കം 88 അന്തേവാസികൾ കഴിഞ്ഞുവന്നിരുന്നത്. ഡോക്ടർമാർക്കുള്ള പരിശോധന മുറി, നഴ്സിംഗ് സ്റ്റേഷൻ, മിനി ഓപ്പറേഷൻ തിയേറ്റർ, ലാബ്, കോൺഫറൻസ് ഹാൾ, കിച്ചൺ, ഡൈനിംഗ് അടക്കം ആധുനിക ക്രമീകരണങ്ങളാണ് രണ്ടു ബ്ലോക്കുകളിലായി നിർമിച്ച ഐപി വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നത്. റീജണൽ ട്രെയിനിംഗ് സെന്റർ ഹോസ്റ്റലിന്റെ ഉദ്ഘാടനവും നടന്നു.
സനീഷ്കുമാർ ജോസഫ് എം എൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ടരുമഠത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, ആരോഗ്യഡയറക്ടർ കെ.ജെ.റീന, അനിതകുമാരി, വാർഡ് മെമ്പർ ലിജോ ജോസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസർ പി. സജീവ്കുമാർ, വി. അജിത്കുമാർ, ആശുപത്രി സൂപ്രണ്ട് കെ. സ്നേഹജ എന്നിവർ പ്രസംഗിച്ചു.