ആരോഗ്യമേഖലയിൽ സമഗ്രമാറ്റങ്ങൾ കൊണ്ടുവന്നു: മന്ത്രി വീണാ ജോർജ്
1580604
Saturday, August 2, 2025 12:52 AM IST
തൃശൂർ: ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാൻ സംസ്ഥാനസർക്കാരിനു കഴിഞ്ഞെന്നു മന്ത്രി വീണാ ജോർജ്. തൃശൂർ മെഡിക്കൽ കോളജിൽ 23.45 കോടിയുടെ എട്ടു പദ്ധതികളുടെയും മൂന്നു പദ്ധതികളുടെ നിർമാണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും ആരോഗ്യപരിരക്ഷ നടപ്പാക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. തൃശൂർ മെഡിക്കൽ കോളജിൽ 680 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കും അമ്മയും കുഞ്ഞും ബ്ലോക്കും യാഥാർഥ്യമാകുന്പോൾ മെഡിക്കൽ കോളജ് പത്തുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ളതാകും. അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറയ്ക്കാൻ തൃശൂർ മെഡിക്കൽ കോളജ് വഹിച്ച പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ അക്കാദമിക് രംഗത്തു വലിയ മാറ്റം കൊണ്ടുവരാൻ സർക്കാരിനു കഴിഞ്ഞു. ഒപി രജിസ്ട്രേഷൻ കണക്കനുസരിച്ചു 13.5 കോടി ആളുകൾ മെഡിക്കൽ കോളജിൽ ചികിത്സതേടി. ഇൻ പേഷ്യന്റ് വിഭാഗത്തിൽ 2024 ജനുവരി മുതൽ ഡിസംബർവരെ സൗജന്യ ചികിത്സയ്ക്ക് 6.5 ലക്ഷം ആളുകൾ അപേക്ഷിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിലവിൽ വന്ന ശേഷം 30,000 രൂപയുടെ ഇൻഷ്വറൻസ് അഞ്ചുലക്ഷമാക്കിയെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജ് അലുമ്നി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. കെ.വി. വിശ്വനാഥൻ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ശങ്കുണ്ണി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ബിജു, വടക്കാഞ്ചേരി നഗരസഭാ കൗണ്സിലർ കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, തൃശൂർ ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.എം. ഷമീന, ഗവ. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ റീന എ. തങ്കരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ, ഗവ. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. രാധിക എന്നിവർ പങ്കെടുത്തു.