ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു
1596620
Friday, October 3, 2025 11:31 PM IST
വാടാനപ്പിള്ളി: ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന മകനും പരിക്ക്.
ഏങ്ങണ്ടിയൂർ പോളക്കൽ തുഷാര ക്ലബിന് സമീപം ആറു കെട്ടി രാധാകൃഷ്ണന്റെ ഭാര്യ സുഷമയാണ് (55) മരിച്ചത്. മകൻ ദർശൻ (30), സുഷമയുടെ ചേച്ചി സത്യഭാമ ( 60) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കൈകാലുകൾ ഒടിഞ്ഞനിലയിൽ സാരമായിപരിക്കേറ്റ സത്യഭാമയെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് നിസാര പരിക്കേറ്റ ദർശനെ ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ഏഴാംകല്ല് പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. സനാതന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ഇതിന്റെ ഡ്രൈവറാണ് ദർശൻ. സുഷമയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോയി എങ്ങണ്ടിയൂരിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട ആംബുലൻസ് സർവീസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു.
സുഷമ തൽക്ഷണം മരിച്ചു. സഹായത്തിന് രോഗിയായ അനുജത്തിക്കൊപ്പം കൂടെ പോയിരുന്നതാണ് ചേച്ചിയായ സത്യഭാമ. മൃതദേഹം എങ്ങണ്ടിയൂരിലെ എംഎ ആശുപത്രിയിൽ എത്തിച്ചു.
അഭിഷേക് ആണ് സുഷമയുടെ മറ്റൊരു മകൻ. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം നടക്കും.