53 അജൻഡകള്കളുമായി ഇരിങ്ങാലക്കുട നഗരസഭായോഗം
1596659
Saturday, October 4, 2025 1:15 AM IST
ഇരിങ്ങാലക്കുട: 53 അജൻഡകള്കളുമായി ഇരിങ്ങാലക്കുട നഗരസഭ യോഗം. വിമര്‍ശനവുമായി പ്രതിപക്ഷം.
കഴിഞ്ഞമാസം പേരിന് ഒരു കൗണ്‍സില്‍ മാത്രമാണ് ചേര്‍ന്നതെന്നും മാസത്തില്‍ രണ്ട് കൗണ്‍സില്‍ എങ്കിലും വേണ്ടതാണെന്നും ഭരണസമിതി അംഗങ്ങള്‍ എല്ലാവരും കൃത്യമായി ഓണറേറിയം വാങ്ങിക്കുന്നവരാണെന്നും ഭരണസ്തംഭനത്തിന്റെ ലക്ഷണമാണിതെന്നും യോഗാരംഭത്തില്‍ എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ കുറ്റപ്പെടുത്തി.
മാസത്തില്‍ മൂന്നും നാലും യോഗങ്ങള്‍ ചേര്‍ന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ മാസം 30ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതുകൊണ്ട് കൗണ്‍സില്‍ മാറ്റി വയ്ക്കേണ്ടി വന്നതാണെന്നും ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു.
ഇരിങ്ങാലക്കുട നഗരസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാനുള്ള കരാറുകാരുടെ വിമുഖത യോഗത്തില്‍ ചര്‍ച്ചാവിഷയമായി. എടുത്ത നിര്‍മാണ പ്രവര്‍ത്തനം വേണ്ടെന്ന് വയ്ക്കുകയാണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനോട് കരാറുകാരന് പറഞ്ഞതിന് സാക്ഷിയാണെന്ന് ബിജെപി അംഗം ടി.കെ. ഷാജു വെളിപ്പെടുത്തി.
ഗോപി, റോജോ എന്നീ കരാറുകാര്‍ക്ക് ഒരുകോടി വീതം നല്‍കാനുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് ടി.കെ. ഷാജു പറഞ്ഞു. എന്നാല്‍ കുറച്ച് ബില്ലുകള്‍ നല്‍കിയിട്ടുണ്ടെന്നും അധികം പണം നല്‍കാനില്ലെന്നും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ നഗരസഭയും കരാറുകാരും പറയുന്ന കണക്കുകളില്‍ വൈരുധ്യമുണ്ടെന്നും ഭരണസമിതി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കരാറുകാരുടെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വാതില്‍മാടം കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് സ്ഥലത്തിനും വീട് നിര്‍മാണത്തിനുമുള്ള പണം ലഭ്യമായിട്ടുണ്ടന്നും രജിസ്ട്രേഷന് നടപടികള്‍ക്കുള്ള പണം സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ടെത്തി ഒക്ടോബര്‍ 19 ന് എംഎല്‍എ കൈമാറുമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ.ആര്. ലേഖ അറിയിച്ചു.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ , അംഗങ്ങളായ ടി.വി. ചാര്‍ലി, അല്‍ഫോണ്‍സ തോമസ്, അഡ്വ. ജിഷ ജോബി, നെസീമ കുഞ്ഞുമോന്, ഷെല്ലി വില്സന്, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.