ചരിത്രസ്മരണകളുണർത്തി മേലൂരിൽനിന്ന് കൊരട്ടി പള്ളിയിലേക്കു പൂവൻകുലകളെത്തി
1596656
Saturday, October 4, 2025 1:15 AM IST
കൊരട്ടി: അദ്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ നാമധേയത്തിലുള്ള സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്കു ചരിത്രസ്മരണകൾ പുതുക്കി മേലൂരിൽനിന്നു പൂവൻകുലകളെത്തി.
കൊരട്ടിമുത്തിയോടുള്ള നന്ദിസൂചകമായി ജാതിമതഭേദമെന്യേ വിശ്വാസികൾ ചെയ്തുവരുന്ന നേർച്ചസമർപ്പണമാണ് പൂവൻകുല എടുത്തുവയ്ക്കൽ. ഈ നേർച്ചയുടെ ഉദ്ഭവത്തിന് ആധാരം മേലൂരിൽനിന്നാണെന്നാണ് വിശ്വാസം.
കർഷകർ തങ്ങളുടെ വിളവിന്റെ ആദ്യഫലം ആരാധനാലയങ്ങളിൽ കാഴ്ചയായി സമർപ്പിക്കാറുള്ളത് പണ്ടുകാലംമുതലുള്ള ആചാരമാണ്. മേലൂരിലെ ഒരു വിശ്വാസി തന്റെ വിളവിന്റെ ആദ്യഫലമായി ഒരു കുല പൂവൻപഴം കൊരട്ടിമുത്തിക്കു നേർച്ചയായി സമർപ്പിക്കുന്നതിനു കാവിൻമേൽ തൂക്കി വയൽവരമ്പിലൂടെ കൊണ്ടുവരികയായിരുന്നു. മുരിങ്ങൂർകരയിൽ എത്തിയപ്പോൾ പഴംകണ്ട് ആകൃഷ്ടനായ ഒരു കർഷകപ്രമാണി ഏതാനും പഴം ആവശ്യപ്പെട്ടു.
മുത്തിക്കുള്ള നേർച്ചയായതിനാൽ കൊടുക്കാൻ നിർവാഹമില്ലെന്നു ഭക്തൻ വിശദമാക്കിയെങ്കിലും, പ്രമാണി മുത്തിയെ ആക്ഷേപിക്കുകയും കുലയിൽനിന്ന് തത്സമയം അടർന്നുവീണ പഴങ്ങൾ എടുത്തു തിന്നുകയും ചെയ്തു. എന്നാൽ, വീട്ടിലെത്തിയ പ്രമാണിക്കു വയറുവേദന തുടങ്ങി. അന്നത്തെ നാട്ടുവൈദ്യന്മാരും ചികിത്സകരും ആവതും പണിപ്പെട്ടെങ്കിലും വേദന ശമിച്ചില്ല.
ഇതിനിടയിൽ വയലിൽവച്ചു നടന്ന സംഭവം പ്രമാണി വൈദ്യനോടു വിശദീകരിച്ചു. അരുതാത്തതു പ്രവർത്തിച്ചതുമൂലമുണ്ടായ അസുഖത്തിനു മരുന്നല്ല പ്രായശ്ചിത്തമാണ് വേണ്ടതെന്നു വൈദ്യൻ കല്പിപിച്ചതോടെ അയാൾ മുത്തിയുടെ സന്നിധിയിലെത്തി കാൽക്കൽവീണ് മാപ്പപേക്ഷിച്ചു. അതോടെ വേദന ശമിച്ചു. നന്ദിസൂചകമായും പ്രായശ്ചിത്തമായും 40 പറയ്ക്കു നിലം മുത്തിക്കു നേർച്ചയായി നൽകി. സ്വർണംകൊണ്ട് ചെറിയൊരു പൂവൻകുല ഉണ്ടാക്കി മുത്തിക്കു സമർപ്പിക്കുകയും ചെയ്തു. ഈ സംഭവം പൂവൻകുല നേർച്ചയുടെ പ്രസക്തി വർധിപ്പിക്കുകയായിരുന്നു. മുത്തിയോടുള്ള സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമായി പൂവൻകുല നേർച്ചയായി നൽകാനും ഇടവരുത്തി.
ഈ ഓർമ പുതുക്കിയാണ് മേലൂരിൽനിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പൂവൻകുലകളുമായി വിശ്വാസികൾ കൊരട്ടി പളളിയിലെത്തിയത്. മേലൂർ സെന്റ് ജോസ് പള്ളി വികാരി ഫാ. ജോസ് പൊള്ളയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയ്ക്കും പ്രാർഥനാശുശ്രൂഷകൾക്കുശേഷം അസിസ്റ്റന്റ് വികാരി ഫാ. ജെസ്ലിൻ തെറ്റയിൽ, കൈക്കാരന്മാരായ ജോർജ് പാലാട്ടി, പോൾസൺ കോരൻ, കേന്ദ്രസമിതി വൈസ്ചെയർമാൻ പൗലോസ് കരേടൻ എന്നിവരുടെ നേതൃത്വത്തിലാണ് പൂവൻകുലകൾ കൊണ്ടുവന്നത്. കൊരട്ടി ഫൊറോന വികാരിയും സഹവൈദികരും ഇടവകപ്രതിനിധികളും മേലൂരിലെത്തിയിരുന്നു.
വിശ്വാസികൾ മുത്തിയുടെ സവിധത്തിലെത്തിച്ച നേർച്ചക്കുലകൾ വികാരി ഫാ. ജോൺസൺ കക്കാട്ട് ഏറ്റുവാങ്ങി. നേർച്ചസമർപ്പണം കാണാൻ നൂറുകണക്കിനു വിശ്വാസികൾ പള്ളിയിലെത്തിയിരുന്നു.