തീരവാസികളായ 600 കുടുംബങ്ങൾക്കു പട്ടയം
1596651
Saturday, October 4, 2025 1:15 AM IST
ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന 600 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എൻ.കെ. അക്ബർ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർവേ പൂർത്തീകരിച്ച് ഡിസംബറിൽ പട്ടയവിതരണം നടത്താൻ ജില്ല റവന്യു അസംബ്ലിയിൽ തീരുമാനിച്ചതായി എംഎൽഎ പറഞ്ഞു.
ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ കടൽ പുറമ്പോക്ക്, അൺസർവേ ലാൻഡ് എന്നിവയിൽ താമസിക്കുന്നവർക്കാണ് പട്ടയം. രേഖകൾ ഇല്ലാത്തതിനെ തുടർന്ന് തീരവാസികൾ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞവർഷം എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചു. തുടർന്നാണ് റവന്യു വകുപ്പ് നടപടികളെടുത്തത്.
സർവേ നടത്തുന്നതിന് കരട് തയാറാക്കിയ കളക്ടർ, വില്ലേജുകളിലെ ഹൈ ടൈഡ് ലൈൻ നിശ്ചയിക്കുന്നതിന് ചീഫ് ഹൈഡ്രോഗ്രാഫർക്ക് 2.32 ലക്ഷം രൂപ അനുവദിച്ചു.