കാട്ടൂര്‍ ലക്ഷ്മി കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തി, ശിക്ഷാവിധി ഏഴിന്
1596658
Saturday, October 4, 2025 1:15 AM IST
ഇരിങ്ങാലക്കുട: കാട്ടൂര്‍ ലക്ഷ്മി കൊലക്കേസിൽ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി. ശിക്ഷാവിധി ഏഴിന്.
കാട്ടൂര്‍കടവ് നന്താനത്തുപറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി(43) യാണ് 2021 ഫെബ്രുവരി 14ന് രാത്രി പത്തരയോടെ വീടിന് മുന്നില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റു മരിച്ചത്. കാട്ടൂര്‍ക്കടവിലെ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുന്‍വശം റോഡില്‍വച്ച് തോട്ടയെറിഞ്ഞ് വീഴ്ത്തിയാണ് ലക്ഷ്മിയെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റിലുള്ളയാളാണ് ഹരീഷ്.
ഗുണ്ടാസംഘാംഗങ്ങളായ കാട്ടൂര്‍ വില്ലേജ് കാട്ടൂര്‍കടവ് സ്വദേശി നന്തിലത്തുപറമ്പില് വീട്ടില്‍ ദര്‍ശന്‍കുമാര്‍ (35), കാട്ടൂര്‍ വില്ലേജ് കരാഞ്ചിറ സ്വദേശി ചെമ്പാപ്പുള്ളി വീട്ടില്‍ നിഖില്‍ദാസ് (35), പുല്ലഴി വില്ലേജ് ഒളരി സ്വദേശി നങ്ങേലി വീട്ടില്‍ ശരത്ത് (36), ചൊവ്വൂര്‍ വില്ലേജ് പാറക്കോവില്‍ സ്വദേശി കള്ളിയത്ത് വീട്ടില്‍ രാകേഷ് (32) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
ഇന്‍സ്പെക്ടര്‍മാരായ വി.വി. അനില്‍കുമാര്‍, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുണ്‍, പി. ജ്യാതീന്ദ്രകുമാര്, എസ്ഐമാരായ ആര്. രാജേഷ്, കെ. സുഹൈല്‍, ജസ്റ്റിന്, രഞ്ജിത്ത്, ജിനുമോന്‍ തച്ചേത്ത്, എഎസ്ഐ പി. ജയകൃഷ്ണന്, സീനിയര്‍ സിപിഒ മാരായ പ്രസാദ്, ഇ.എസ്. ജീവന്, കെ.എസ്. ഉമേഷ്, കെ.വി. ഫെബിന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാര്‍ ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജി ജോര്‍ജ്, മുന്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. പി.ജെ. ജോബി, അഡ്വ. എബില്‍ ഗോപുരന്‍, അഡ്വ.പി.എസ്. സൗമ്യ എന്നിവര്‍ ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.