വന്ദേഭാരത് തമിഴ്നാട് കൊണ്ടുപോയി
Thursday, September 11, 2025 2:20 AM IST
എസ്.ആർ. സുധീർ കുമാർ
പരവൂർ: കേരളം കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തമിഴ്നാടിന്റെ മധുര ഡിവിഷൻ അടിച്ചെടുത്തു. ഇന്നു മുതൽ പ്രസ്തുത ട്രെയിൻ മധുര-ബംഗളൂരു കന്റോൺമെന്റ് റൂട്ടിൽ പുതിയ സർവീസായി ആരംഭിക്കും.
മംഗളൂരു- തിരുവനന്തപുരം റൂട്ടിൽ കഴിഞ്ഞ ദിവസം മുതൽ 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങി. നിലവിൽ 16 കോച്ചുകളുള്ള ട്രെയിനാണ് 20 ആയി ഉയർത്തിയത്. ഇതേ തുടർന്നു 16 കോച്ചുകൾ ഉള്ള ട്രെയിൻ കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിലനിർത്തുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ഇതിനു വിപരീതമായി 16 കോച്ചുകളുള്ള പ്രസ്തുത ട്രെയിൻ മധുര ഡിവിഷന് കൈമാറാൻ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല അധികമാരും അറിയാതെ 16 കോച്ചുകളുള്ള ഈ റേക്ക് മംഗളൂരുവിൽനിന്ന് മധുരയിൽ എത്തിക്കുകയും ചെയ്തു.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ളവർ ഈ കൈമാറ്റം അറിഞ്ഞതുമില്ല. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ല.