അടിസ്ഥാന സൗകര്യങ്ങൾ പാളുന്നു ; ലേണിംഗ് സിറ്റിക്കു വേണം, നല്ലൊരു സ്റ്റഡി ക്ലാസ്
1577561
Monday, July 21, 2025 1:53 AM IST
സി.ജി. ജിജാസൽ
തൃശൂർ: ലേണിംഗ് സിറ്റിയെന്ന് അഭിമാനിക്കുന്ന തൃശൂർ നഗരത്തിൽ ഒരു മഴപെയ്താൽ ചീട്ടുകൊട്ടാരംപോലെ പൊളിയുന്നത് അടിസ്ഥാനസൗകര്യങ്ങളാണ്. ശുചിത്വനഗരം, സുന്ദരനഗരം തുടങ്ങിയ പ്രചാരണങ്ങൾ സജീവമായ നഗരത്തിൽ നടക്കാൻ പറ്റാത്ത നടപ്പാതകളും ദുർഗന്ധപൂരിതമായ വഴികളും കുഴികൾ നിറഞ്ഞ റോഡുകളും ദുരിതത്തിന്റെ കയ്പേറിയ അനുഭവമാണ് ജനങ്ങൾക്കു സമ്മാനിക്കുന്നത്.
ഒരു വിദ്യാഭ്യാസനഗരത്തിനായി അർഹമായ നിലവാരത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കപ്പെടാത്ത സാഹചര്യത്തിൽ, ലേണിംഗ് സിറ്റി പദവി പേരിൽമാത്രം ഒതുങ്ങുന്നുവെന്നു പൊതുജനം പറഞ്ഞാൽ അവരെ കുറ്റപ്പെടുത്തരുത്.
ശുചിത്വനഗരം
സുന്ദരനഗരം
(പേരിൽമാത്രം)
പഴയൊരു മലയാളസിനിമയിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ മണവാളൻ (സലിംകുമാർ) മാലിന്യത്തിന്റെ മണമടിച്ച് കൊച്ചിയെത്തി എന്നുപറയുന്നപോലെയാണ് നഗരത്തിൽ എത്തുന്ന ഏതൊരു യാത്രികന്റെയും അവസ്ഥയിപ്പോൾ. ഏത് ഉറക്കത്തിൽ ആണെങ്കിൽപ്പോലും മൂക്കിലേക്ക് അടിച്ചുകയറുന്ന രൂക്ഷമായ ദുർഗന്ധം ശക്തൻ എത്തിയെന്ന് അറിയിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
തൃശൂരിനുതന്നെ അഭിമാനനിമിഷം സമ്മാനിച്ച ലേണിംഗ് സിറ്റി പദവിക്കു ശക്തനിലെ ആകാശപ്പാത നൽകിയ സംഭാവന വളരെ വലുതാണെങ്കിലും പാതയ്ക്കുതാഴെയും സമീപത്തെ മാർക്കറ്റിനുചുറ്റും ഇപ്പോൾ ഉയരുന്നതു മാലിന്യങ്ങളുടെയും മൂത്രത്തിന്റെയും രൂക്ഷഗന്ധമാണ്.
ശുചിത്വനഗരം സുന്ദരനഗരമെന്നു മാർക്കറ്റ് പരിസരത്തുൾപ്പെടെ പലയിടങ്ങളിലും ചുവർചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്പോഴും അതിനുമുൻപിൽപോലും കാര്യം സാധിക്കുന്നവർ നിരവധിയാണ്. പട്ടാളം മാർക്കറ്റ് ഭാഗത്താണെങ്കിൽ പഴയ മാലിന്യസംസ്കരണകേന്ദ്രത്തിന്റെ ബാക്കി മഴവെള്ളത്തിൽ കിടന്നു ചീഞ്ഞഴുകി സ്ഥിരമായി ദുർഗന്ധം പരത്തിക്കൊണ്ടേയിരിക്കുന്നു.
ആയിരങ്ങൾ വരുന്ന മാർക്കറ്റിൽ പേരിനുപോലും ടോയ്ലറ്റ് സൗകര്യം ഇല്ലാതായതോടെ അടച്ചുപൂട്ടിയ ഇ ടോയ്ലറ്റിനുചുറ്റും ആവശ്യക്കാർ കാര്യം സാധിക്കുന്നതു കാണാം. ഫലം മൂക്കുപൊത്താതെ ഈ ഭാഗത്തൊന്നും നടക്കാനാകില്ല.
അരിയങ്ങാടിയിലും സ്ഥിതി സമാനമാണ്. എന്നാൽ ഇവിടം ടോയ്ലറ്റ് ഒരുക്കാൻ ഒരുവിഭാഗം തൊഴിലാളികൾ സമ്മതിക്കാതിരുന്നതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. വഴിയരികിൽ ശങ്കതീർക്കാതിരിക്കാൻ ബോർഡ് സ്ഥപിച്ചിട്ടുണ്ടങ്കിലും ആ ബോർഡ് തിരിച്ചുവച്ച് അതിനുതാഴെയാണ് ഇപ്പോൾ ഇവിടെയുള്ളവർ കാര്യം സാധിക്കുന്നത്. ഒരിടത്തു പൂക്കളും പൂന്തോട്ടങ്ങളുമായി സുഗന്ധപൂരിതമാക്കാൻ അധികാരികൾ ശ്രമിക്കുന്ന നഗരത്തിൽതന്നെയാണ് ഈ ദുർഗന്ധം വമിക്കുന്ന വഴികൾ എന്നതാണ് വിരോധാഭാസം.
നടപ്പാതയുണ്ട് പക്ഷേ,
നടക്കാൻ പറ്റില്ല
ഒരുകാലത്തു ടൈൽ വിരിച്ച് സുന്ദരമാക്കിയിരുന്ന നഗരത്തിലെ നടപ്പാതകൾ ഇപ്പോൾ മണ്ണും പുല്ലും നിറഞ്ഞ് വികൃതമാണ്. നഗരത്തിന്റെതന്നെ തിരക്കേറെയുള്ള പ്രദേശങ്ങളിൽ ഒന്നായ ഇക്കണ്ടവാര്യർ റോഡിൽ നടപ്പാതകളിൽ പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മണ്ണും വളർന്നുപൊന്തിയ പുല്ലുകളും അനധികൃത പാർക്കിംഗുകളും നടപ്പാതയെ ഇടവഴിയായി മാറ്റി. എന്നിട്ടും സുരക്ഷിതമായ നടപ്പാതസൗകര്യം ഒരുക്കാൻ അധികൃതർ കാണിക്കുന്ന മടി അപകടങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നതിൽ സംശയമില്ല. നിരത്തിൽ രക്തംപൊടിഞ്ഞിട്ടല്ല, അതിനു മുൻപുവേണം പരിഹാരമെന്നു ജനം നയം വ്യക്തമാക്കുന്നു.
മഴ വന്നു,
പിറകെ കുഴികളും
കാറ്റുവീശിയാൽ വൈദ്യുതി പോകുംപോലെയാണ് നഗരത്തിലെ റോഡുകളുടെ അവസ്ഥയും. തോടായ റോഡെല്ലാം പൊടിയും കല്ലുമിട്ട് അടച്ച് പതിവുനാടകം തുടരുന്പോഴും അവയ്ക്കെല്ലാം മണിക്കൂറുകളുടെ മാത്രമേ ആയുസുള്ളുവെന്നു ജനത്തിനു മനസിലായിട്ടും കുഴിയടയ്ക്കുന്ന കരാറുകാരനോ അതിനു നേതൃത്വംനൽകുന്ന അധികാരികൾക്കോ മനസിലായിട്ടില്ല. ഇതു നിരത്തിലെ യാത്രകൾ ദുഷ്കരമാക്കുകയാണ്.
`
പിഡബ്ല്യുഡിക്കു കീഴിലുള്ള അശ്വിനി ജംഗ്ഷൻ, ജൂബിലി ആശുപത്രി പരിസരം, റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഗുരുതരപരിക്കേല്പിച്ച കോവിലകത്തുംപാടം റോഡ് എന്നിവിടങ്ങളിലെല്ലാം കുഴികൾ വീണ്ടും തുറന്നതു നാടറിഞ്ഞിട്ടും അധികാരികൾ അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ അറിയാമട്ടു നടിക്കുന്നു.