സുരക്ഷയില്ലാതെ പാതാളക്കുഴികൾ
1577853
Tuesday, July 22, 2025 2:06 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അഥോറിറ്റിയുടെ മേൽനോട്ടത്തിൽ കൊരട്ടി പോലീസ് സ്റ്റേഷനു സമീപത്ത് കരാർ കമ്പനി നടത്തുന്ന നിർമാണപ്രവൃത്തികളുടെ നേർചിത്രമാണിത്. ദേശീയപാതക്ക് കുറുകെയിട്ടിരിക്കുന്ന ഓടയിലൂടെ വെള്ളം ഒഴുക്കിക്കളയാൻ നിർമിക്കുന്ന വ്യാപ്തിയും ആഴവും എറിയ കുഴികളിൽ ഒന്നാണിത്. നിർമാണങ്ങൾക്കിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കരാർ കമ്പനി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല എന്നതാണു യാഥാർഥ്യം.
പ്രധാനപാതയോടുചേർന്ന് കോൺക്രീറ്റ് സ്ലാബുകളും സുരക്ഷാറിബണും കെട്ടിയിട്ടുണ്ടെങ്കിലും സർവീസ് റോഡിനോടുചേർന്ന ഭാഗങ്ങളിൽ യാതൊരു സുരക്ഷയുമില്ല. പ്രധാനപാതയിൽ തിരക്കേറിയാൽ ഡ്രൈവർമാരും വാഹനയാത്രികരും ആശ്രയിക്കുന്നത് ഈ സർവീസ് റോഡിനെയാണ്. കൂടാതെ രാത്രി സമയങ്ങളിൽ വെളിച്ചക്കുറവുമുണ്ട്.
വാഹനങ്ങൾ സർവീസ് റോഡിലൂടെ കടന്നുവന്നാൽ കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയാണ്. ദേശീയപാതകടന്നുപോകുന്ന മുരിങ്ങൂർ, കൊരട്ടി, പെരുമ്പി, ചിറങ്ങര,പൊങ്ങം പ്രദേശങ്ങൾ ഒട്ടേറെ അപകടങ്ങൾക്കും അപകടമരണങ്ങൾക്കും സാക്ഷ്യംവഹിച്ചിട്ടും ഇത്തരം ചതിക്കുഴിക്കുള്ളിൽ അകപ്പെടാതിരിക്കാൻ എൻഎച്ച്എഐയുടെയും നിർമാണക്കമ്പനിയുടെയും ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലില്ല.