അപകടങ്ങളിൽ പരിക്കേറ്റു
1577569
Monday, July 21, 2025 1:53 AM IST
വാഹനങ്ങൾ
കൂട്ടിയിടിച്ച്
രണ്ടുപേർക്കു പരിക്ക്
കുട്ടനെല്ലൂർ: പിക്കപ്പ് വാനിനു പിന്നിൽ മിനി ടിപ്പർ ലോറി ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. മിനി ടിപ്പർ ലോറി ഡ്രൈവർ റിവിൻ വർഗീസ്(26), പിക്കപ്പ് വാൻ ഡ്രൈവർ തമിഴ്നാട് സ്വദേശി സുധീഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്.
മിനി ടിപ്പർ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ മിനി ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
തൃശൂർ അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ. രഞ്ജിത്ത്, റെസ്ക്യൂ ഓഫീസർമാരായ കെ. പ്രകാശൻ, വി.വി. ജിമോദ് , ഐ. ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിടിച്ച് സ്കൂട്ടർ
യാത്രികനും കാൽനട
യാത്രികനും പരിക്ക്
കേച്ചേരി: ചൂണ്ടൽ എസ്ബിഐ ബാങ്കിനുസമീപം കാർ ഇടിച്ചു സ്കൂട്ടർ യാത്രികനും കാൽനടയാത്രികനും പരിക്ക്. പരിസ്കൂട്ടർ യാത്രികൻ കേച്ചേരി എരനെല്ലൂർ സ്വദേശി മഞ്ഞക്കാട്ടിൽ വീട്ടിൽ ധർമൻ(60), കാൽനടയാത്രികനായ ചൂണ്ടൽ സ്വദേശി കോലാടിപ്പറമ്പിൽ വീട്ടിൽ സുബ്രഹ്ണ്യൻ(63) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം.
കാർ വൈദ്യുതി പോസ്റ്റ്
ഇടിച്ചുതകർത്തു
വടക്കാഞ്ചേരി: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയിൽ ആറ്റൂരുവച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടം. യാത്രക്കാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു അപകടം. തെക്കുംകര മച്ചാട് മണലിത്തറ സ്വദേശി ശ്രീകൃഷ്ണന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ഐവർമഠത്തിൽപോയി തിരികെവരുന്നതിനിടെ നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മറിഞ്ഞ് സംസ്ഥാനപാതയ്ക്ക് കുറുകെ വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി. കെഎസ്ഇബിയെയും പോലീസിനെയും വിവരമറിയിച്ചു. പോസ്റ്റ് പിന്നീട് മാറ്റിസ്ഥാപിച്ചു.