നഗരസഭ മൈതാനത്തെ മാലിന്യം ; അധികൃതരോടു വിശദീകരണം ആവശ്യപ്പെട്ട് ജില്ലാഭരണകൂടം
1577574
Monday, July 21, 2025 1:53 AM IST
ഇരിങ്ങാലക്കുട: നഗരസഭ മൈതാനത്ത് നടത്തിയ ഞാറ്റുവേല മഹോത്സവത്തെ തുടര്‍ന്ന് മൈതാനം മാലിന്യ നിക്ഷേപകേന്ദ്രമായെന്ന സിപിഐ കൗണ്‍സിലറും 12-ാം വാര്‍ഡ് കൗണ്‍സിലറുമായ മാര്ട്ടിന് ആലേങ്ങാടന്റെ പരാതിയില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം.
പരിപാടിയുടെ ഭാഗമായി മൈതാനത്ത് ഒരുക്കിയ ശൗചാലയത്തില്‍നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ ഗ്രൗണ്ടില്‍ത്തന്നെ അശാസ്ത്രീയമായി സംസ്കരിച്ചെന്ന പരാതിയാണ് ലഭിച്ചിട്ടുള്ളതെന്നും മാലിന്യമുക്ത കേരള പദ്ധതി നടപ്പാക്കേണ്ട നഗരസഭതന്നെ നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തുന്നതായിട്ടാണ് പരാതി ലഭിച്ചിട്ടുള്ളതെന്നും ജില്ലാ ഭരണകൂടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിഷയത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനായ മാര്ട്ടിന് ആലേങ്ങാടന്‍ മറുപടി നല്‍കാനും നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനും തദ്ദേശ വകുപ്പ് ജോയിന്റ്് ഡയറക്ടര്‍ക്കും ശുചിത്വമിഷന് ജില്ലാ കോ-ഒാര്ഡിനേറ്റര്ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.