പോലീസിനെ ആക്രമിച്ച പ്രതിക്ക് ഏഴരമാസം തടവ്
1577866
Tuesday, July 22, 2025 2:06 AM IST
ചാവക്കാട്: പേരാമംഗലം ഹൈവേപോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.പി. വർഗീസിനെ കൃത്യനിർവഹണം തടസപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രതിക്ക് ഏഴരമാസത്തെ തടവ്. രണ്ടാം പ്രതിയായ പുഴയ്ക്കൽ അമലാനഗർ പുല്ലംപറമ്പിൽ കൃഷ്ണകുമാറി (40)നെയാണ് ചാവക്കാട് അസിസ്റ്റന്റ്് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ ഏഴുമാസം 15 ദിവസം തടവിന് ശിക്ഷിച്ചത്.
2018 ഏപ്രിൽ 25ന് രാത്രിയായിരുന്നു സംഭവം. എരനെല്ലൂരിൽ വാഹനാപകടത്തെ തുടർന്ന് നാട്ടുകാർ രണ്ടുപേരെ തടഞ്ഞുവെച്ചിട്ടുണ്ട് എന്നറിഞ്ഞ് സ്ഥലത്തെത്തിയ പേരാമംഗലം ഹൈവേ സബ് ഇൻസ്പെക്ടർ വർഗീസിനെ ആക്രമിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.