മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് കെഎസ്യു മാര്‍ച്ച്; സംഘര്‍ഷം
1577580
Monday, July 21, 2025 1:53 AM IST
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് കെഎസ്യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയത് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ അനാസ്ഥമൂലമാണെന്നും ഇതോടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്.
കനത്ത മഴയില്‍ ഠാണാവിലെ ഐടിയു ബാങ്ക് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചിന് നിയോജക മണ്ഡലം പ്രസിഡന്റ് ഫെസ്റ്റിന് ഔസേപ്പ് നേതൃത്വം നല്കി. മെയിന്‍ റോഡില്‍ പഴയ ചന്തപ്പുര റോഡിനു സമീപം ബാരിക്കേഡുകള്‍വച്ച് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിനുശേഷം കെഎസ്യു പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാനും മറിച്ചിടാനും ശ്രമിച്ചപ്പോഴാണു പോലീസുമായി സംഘര്‍ഷം ഉണ്ടായത്. രണ്ടുവട്ടം പോലീസുമായി ഉന്തും തള്ളും ഉണ്ടായെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. ഏറെനേരം റോഡില്‍ കുത്തിയിരുന്നു ഉപരോധം സൃഷ്ടിച്ച കെഎസ്യു പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്് വിഷ്ണുചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. വി. ആദിത്യന്, റൈഹാന്‍ ഷെഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ്് അബ്ദുള്‍ ഹക്ക്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.