പെരുവന്മല ശിവക്ഷേത്രത്തിന്റെ ഭൂമി വീണ്ടെടുത്തുതുടങ്ങി
1577573
Monday, July 21, 2025 1:53 AM IST
കേച്ചേരി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പെരുവന്മല ശിവക്ഷേത്രത്തിന്റെ ഭൂമി തിരിച്ചുപിടിച്ചു തുടങ്ങി. സ്വകാര്യ വ്യക്തികൾ വർഷങ്ങൾക്കുമുമ്പ് കെെയേറിയ എരനെല്ലൂർ വില്ലേജിലെ ഏഴ് ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്.
ദേവസ്വം സ്പെഷല് തഹസിൽദാർ വി.സി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പെരുവന്മലയിലെത്തി ഭൂമി ഏറ്റെടുത്ത് ദേവസ്വം ഓഫീസർ ടി.കെ. ധന്യയ്ക്ക് രേഖാമൂലം കൈമാറി. കെെയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ വർഷങ്ങളായി നടക്കുകയാണ്. ഡിജിറ്റൽ സർവേ ഉൾപ്പെടെ ഏഴുവർഷം മുൻപ് പൂർത്തിയാക്കി. പെരുവന്മല ശിവക്ഷേത്രത്തിന്റെ 66.69 ഏക്കർ ഭൂമിയിൽ 35 ഏക്കറോളം ഭൂമി കെെയേറിയിട്ടുള്ളതായി കണ്ടെത്തി. അതിൽ 25 ഏക്കറോളം ഭൂമി വൻകിട കെെയേറ്റങ്ങളാണ്.
ഭൂമി കെെയേറിയവർക്ക് അഞ്ചുവർഷങ്ങൾക്കു മുൻപ് നോട്ടീസ് നൽകി ഹിയറിംഗ്് നടത്തി. അതിൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരുടെ ഭൂമിയാണ് ഇപ്പോൾ തിരിച്ചുപിടിച്ചു തുടങ്ങിയത്. എരനെല്ലൂർ വില്ലേജിലും ചിറനെല്ലൂർ വില്ലേജിലും ഉൾപ്പെടെയുള്ള ഭൂമികൾഏറ്റെടുക്കൽ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ മേഖലയിലെ ചിലർ ഹാജരാക്കിയ പട്ടയ രേഖകൾ പരിശോധിക്കുകയാണെന്നും സ്പെഷൽ തഹസിൽദാർ വി.സി. പ്രസന്നൻ പറഞ്ഞു. സർവേയർ കെ.എൻ. അനിൽകുമാർ, റവന്യു ഇൻസ്പെക്ടർ ആർ. സ്മിത, എം.എ. സുരേഷ്കുമാർ, കെ.കെ. രവീന്ദ്രനാഥ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. വീട് ഒഴികെയുള്ള സ്ഥലങ്ങൾ കുറ്റിയടിച്ച് കല്ലിടാനുള്ള ശ്രമമാണ് ശനിയാഴ്ച നടത്തിയത്.
രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് വ്യാജ പട്ടയം കൈവശമാക്കിയവരുമുണ്ടെന്നും സർക്കാർ പുതിയ വീട് നിർമിച്ചുനൽകിയാൽ മാത്രമേ വീടുകൾ ഒഴിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും പ്രദേശവാസികൾ പറഞ്ഞു. കോടതിവിധിയെ തുടർന്ന് ഏതാനും നാളുകൾക്കുമുമ്പ് പ്രദേശവാസികൾ സമര രംഗത്തിറങ്ങിയിരുന്നു.
4, 5 സെന്റ് സ്ഥലങ്ങളിൽ വർഷങ്ങളായി വീടുവച്ചുതാമസിക്കുന്ന ആരെയും ഇറക്കിവിടില്ലെന്നും പുറംപറമ്പായി കൈവശംവച്ചത് മാത്രമേ തിരിച്ചുപിടിക്കൂവെന്നും അന്നത്തേ ദേവസ്വം ബോർഡ് അറിയിച്ചിരുന്നതായും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാർ പറഞ്ഞു.