വടക്കാഞ്ചേരി പട്ടയമേള 26ന്
1577567
Monday, July 21, 2025 1:53 AM IST
വടക്കാഞ്ചേരി: നിയോജകമണ്ഡലം തല പട്ടയമേള 26ന് വൈകിട്ട് അഞ്ചിന്് വരടിയം ജിയുപി സ്കൂൾ അങ്കണത്തിൽ റവന്യുമന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനും കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയുമാകും.
പട്ടയമേളയിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ താമസക്കാരായ 531 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണംചെയ്യും. സംസ്ഥാന സർക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ വിതരണംചെയ്യുന്നതിനായി 43 വനഭൂമി പട്ടയങ്ങള്‍, 37 ദേവസ്വം പട്ടയങ്ങള്‍, 298 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങള്‍, ഒരു ഇനാംപട്ടയം, 127 മിച്ചഭൂമി പട്ടയങ്ങള്‍, 25 പുറമ്പോക്ക് പട്ടയങ്ങളും തയാറായിട്ടുണ്ടെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
127 മിച്ചഭൂമി പട്ടയങ്ങളിൽ അവണൂർ അംബേദ്കർനഗർ 97 പട്ടയങ്ങളും ഇത്തപ്പാറ 22 പട്ടയങ്ങളും മൈലാടുംകുന്ന് എട്ടു പട്ടയങ്ങളും ഉൾപ്പെടുന്നു. പട്ടയമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂർ തെലുങ്കർ നഗർ, മുണ്ടത്തിക്കോട് കുംഭാര നഗർ, മലാക്ക മിച്ചഭൂമി പ്രദേശങ്ങളിൽ 50 വർഷത്തിലേറെയായി സ്ഥിരതാസക്കാരായവര്ക്ക് പട്ടയം ലഭ്യമാക്കിയതിന്റെതുടർച്ചയായാണ് പട്ടയമേള സംഘടിപ്പിക്കുന്നത്.
പട്ടയമേളയുടെ നടത്തിപ്പിനായി മണിത്തറ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടകസമിതി രൂപികരണയോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനംചെയ്തു, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷതവഹിച്ചു.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ഉഷാദേവി, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.വി. സുനിൽകുമാർ, അടാട്ട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സിമി അജിത്കുമാർ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ദേവസി, തൃശൂർ തഹസിൽദാർ ടി. ജയശ്രീ, ദുരേഖ തഹസിൽദാർ നിഷ ആർ. ദാസ്, തലപ്പിള്ളി തഹസിൽദാർ എം.ആർ. രാജേഷ്, ദുരേഖ തഹസിൽദാർ സി. സന്തോഷ് എന്നിവർ സംസാരിച്ചു.