വയോധികദമ്പതികൾക്കു നഗരസഭാ അഗതിമന്ദിരത്തിൽ താമസമൊരുങ്ങി
1577861
Tuesday, July 22, 2025 2:06 AM IST
ഗുരുവായൂർ: ബന്ധുക്കളില്ലാതെ മേല്പാലത്തിന് താഴെ കഴിഞ്ഞിരുന്ന വയോധിക ദമ്പതികൾക്ക് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ നഗരസഭ അഗതിമന്ദിരത്തിൽ സുരക്ഷിതമായി തലചായ്ക്കാം.
ഗുരുവായൂർ തിരുവെങ്കിടം സ്വദേശിയായ രാധയ്ക്കും, ഭർത്താവ് മോഹൻദാസിനുമാണ് നഗരസഭ തണലേകിയത്. ഇവർക്ക് പ്രായാധിക്യംമൂലം ജോലി ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു.
മമ്മിയൂരിലെ വാടകഫ്ലാറ്റിൽ നിന്നും തെരുവിൽ താമസം തുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി. വയോധികരെ അഗതിമന്ദിരത്തിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അജു. എം. ജോണി നഗരസഭ ചെയർമാൻ എം. കൃഷ്ണദാസിനെ സമീപിച്ചു. ചെയർമാൻ അനുകൂല നിലപാട് സ്വീകരിച്ചു.
ടെമ്പിൾ സിഐ ജി. അജയൂമാറിന്റെ സഹായത്തോടെ ആവശ്യമായ രേഖകൾ തയ്യാറാക്കി വയോധികരെ ഇന്നലെ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചു. പൊതുപ്രവർത്തകരായ എം.വി. ബിജു, ഇ.ആർ. ഗോപിനാഥൻ, ഗിരീഷ്, ജയഘോഷ് എന്നിവരും സഹായത്തിനുണ്ടായി.