കിണര്‍ റീചാര്‍ജിംഗിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്
1577854
Tuesday, July 22, 2025 2:06 AM IST
മുരിയാട്: ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യത്തിനായി ഗ്രീന്‍ മുരിയാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകള്‍ ആദ്യഘട്ടത്തില്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് പഞ്ചായത്ത് ആവിഷ്കരിച്ചു.
കൂടാതെ എന്ആര്ഇജിയും കിണര്‍ റീ ചാര്‍ജിംഗിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 300 എന്‍ആര്‍ഇജി പദ്ധതിക്ക് പുറമേ 25 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി നീക്കിവച്ചിട്ടുള്ളത്.
പഞ്ചായത്തിന്റെ ഇഎംഎസ് ഹാളില്‍ നടന്ന ഗുണഭോക്തൃ സംഗമത്തില്‍വച്ച് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. വി.ഒ. ഗീത പദ്ധതി വിശദീകരിച്ചു. മുരിയാട് മേഖലയിലെ ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത് ഹാളിലും പുല്ലൂര്‍ മേഖലയിലെ ഗുണഭോക്തൃ സംഗമം പുല്ലൂര്‍ ബാങ്ക് ഹാളിലും നടന്നു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സരിത സുരേഷ്, കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, എ.എസ്. സുനില്‍കുമാര്‍, ജിനി സതീശന്, നിഖിത അനൂപ്, മണി സജയന്, ആര്എച്ച്ആര്ഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിപിന്‍ പോള്‍, വിഇഒ തനൂജ, സെക്രട്ടറി പി.ബി. ജോഷി എന്നിവര്‍ പ്രസംഗിച്ചു. റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററാണ് നിര്‍വഹണം നടത്തുക.