മുരിയാട് കര്‍ഷകസമരത്തിന് ഊര്‍ജംപകര്‍ന്ന വിപ്ലവ സ ൂര്യന്‍
1577848
Tuesday, July 22, 2025 2:06 AM IST
ഇരിങ്ങാലക്കുട: മുരിയാട് കര്‍ഷകസമരത്തിന് ഊര്‍ജംപകര്‍ന്ന വിപ്ലവസൂര്യനാണ് വി.എസ്. അച്യുതാനന്ദന്.
2007 ജൂണ്‍ നാലിനാണ് മുഖ്യമന്ത്രിയായിരുന്ന വിഎസ് മുരിയാട് സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. അന്നു രാവിലെമുതല്‍ വിഎസ് തൃശൂരിലെ രാമനിലയത്തിലുണ്ടായിരുന്നു. ഈ സമയം ഇടതുപക്ഷനേതാക്കള്‍ മുരിയാട് സമരത്തെ തള്ളിപ്പറഞ്ഞ് തൃശൂരില്‍ പത്രസമ്മേളനം നടത്തുകയായിരുന്നു.
കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാനും ഭൂപരിഷ്കരണനിയമത്തെ അട്ടിമറിക്കുവാനും നിഗൂഢശക്തികളുടെ പിന്തുണയോടെ നടക്കുന്ന സമരമാണെന്നായിരുന്നു പ്രാദേശിക ഇടതുനേതാക്കളുടെ പ്രചാരണം.
സ്വാതന്ത്ര്യസമരസേനാനി കെ.പി. പോളി, കര്‍ഷകമുന്നേറ്റം മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍, വര്‍ക്കിംഗ് ചെയര്മാന് വി.വി. അയ്യപ്പന്, വൈസ് ചെയര്മാന് പി.സി. ആന്റണി, കെ.എ. കുഞ്ഞന്‍ എന്നിവര്‍ രാവിലെതന്നെ രാമനിലയത്തില്‍ എത്തി വിഎസിനെ കണ്ട് കര്‍ഷകസമരത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി. സമരപ്പന്തലില്‍ വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സമരം സര്‍ക്കാര്‍ ഗൗരവമായി കാണുവന്നുവെന്നു വിഎസ് മറുപടി നല്കി. ഉച്ചകഴിഞ്ഞ് മടക്കയാത്രയ്ക്കായി കാറില്‍ കയറിയപ്പോഴാണ് വിഎസ് ഗണ്‍മാനോടു പറഞ്ഞത്. ഹൈവേയില്‍ വലിയതിരക്കായിരിക്കും, അതിനാല്‍ മുന്‍മന്ത്രി പി.കെ. ചാത്തന്മാസ്റ്ററുടെ മാപ്രാണത്തെ വീടിനു സമീപത്തുകൂടി പോകാമെന്നും അതിനായി കരുവന്നൂര്വഴി യാത്രതിരിക്കണമെന്നും നിര്‍ദേശം നല്കി.
ആ യാത്ര എത്തിയതു മാപ്രാണത്തെ കോന്തിപുലത്തുള്ള മുരിയാട് കര്‍ഷകമുന്നേറ്റത്തിന്റെ സമരപ്പന്തലിലേക്കായിരുന്നു. റോഡില്‍ കാര്‍ നിര്‍ത്തി കനാല്ബണ്ടിലൂടെ ഏറെ ദൂരം നടന്നാണ് വിഎസ് സമരപ്പന്തലിലെത്തിയത്. ആവേശപൂര്‍വമാണ് വിഎസിനെ കര്‍ഷകര്‍ എതിരേറ്റത്.
മുദ്രാവാക്യങ്ങളോടെ കര്‍ഷകര്‍ വിഎസിനെ സമരപ്പന്തലിലേക്ക് ആനയിച്ചു. പന്തലിലിരുന്ന് വിഎസ് കര്‍ഷകരുടെ പ്രശ്നങ്ങളും ദുരിതങ്ങളും കേട്ടു. പ്രാദേശിക സിപിഎം നേതൃത്വം എതിര്ത്തുനില്ക്കുനോള്പോലും വിഎസ് സമരപ്പന്തലിലെത്തിയതു വലിയ വാര്‍ത്തയായി. ഇനി ഞങ്ങള്‍ എന്തു ചെയ്യണമെന്ന കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു വിഎസ് മറുപടി പറഞ്ഞു: പോരാട്ടങ്ങള്‍ നിര്‍ത്തേണ്ടതു ലക്ഷ്യംനേടുമ്പോള്മാത്രമാണ്.
ഈ വാക്കുകള്‍ കര്‍ഷകജനതയ്ക്ക് പോരാട്ടവീര്യം പകര്‍ന്നു. ഇതോടെ സമരത്തിന്റെ ഗതിമാറി. അവസാനം നെല്‍വയല്‍ സംരക്ഷണനിയമവും മുരിയാടിനുവേണ്ടിയുള്ള പ്രത്യേക പാക്കേജും നേടി സമരം വിജയംകണ്ടു.
കളിമണ്‍ഖനന മാഫിയയ്ക്കും ഭൂമാഫിയയ്ക്കും താക്കീതുനല്കുന്നതായിരുന്നു വിഎസിന്റെ സന്ദര്‍ശനം.
സിപിഎം ജില്ലാ കമ്മിറ്റി
അനുശോചിച്ചു
തൃശൂർ: ജില്ലയിലെ പാർട്ടിയുടെ വളർച്ചയിൽ വി.എസ്. അച്യുതാനന്ദന്റെ സംഭാവനകൾ നിസ്തുലമാണെന്നു സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി. പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയെന്ന നിലയിൽ വി.എസ്. നൽകിയ കരുത്ത് അവിസ്മരണീയമാണ്. എണ്‍പതിൽ അദ്ദേഹം സെക്രട്ടറിയായതുമുതൽ ചുമതലയൊഴിയുംവരെ ചെറുതും വലുതുമായ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്.
പ്രതിപക്ഷനേതാവായിരുന്നപ്പോൾ പ്രാദേശികപ്രശ്നങ്ങൾ പോലും സംസ്ഥാനതലത്തിൽ ഉയർത്തി. മുഖ്യമന്ത്രിയായിരിക്കെ ജില്ലയിലെ വികസനക്കുതിപ്പന് ഉതകുന്ന നിരവധി പദ്ധതികൾ അനുവദിച്ചു. വി.എസിന്റെ മറക്കാനാകാത്ത സംഭാവനകൾക്കുമുന്നിൽ അനുശോചനം രേഖപ്പെടുത്തുന്നെന്നും ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
വിഎസ് തലയെടുപ്പുള്ള
നേതാവ്: തേറന്പിൽ
തൃശൂര്‍: തലയെടുപ്പുള്ള നേതാവിനെയാണു വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിലൂടെ സിപിഎമ്മിനു നഷ്ടമായതെന്നു മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് പറഞ്ഞു.
നിലപാടുകള്‍കൊണ്ട് കേരളരാഷ്ട്രീയത്തിലെ അവഗണിക്കാന്‍ കഴിയാത്ത വ്യക്തിത്വമായി അദ്ദേഹം മാറി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും വ്യക്തിപരമായി കാലുഷ്യം ലവശേലം പുലര്‍ത്താത്ത നേതാവായിരുന്നു വിഎസ്. നിയമസഭാ സ്പീക്കറായിരുന്നപ്പോള്‍ പ്രതിപക്ഷനേതാവ് എന്ന നിലയ്ക്ക് അദ്ദേഹവുമായി കൂടുതല്‍ ഇടപഴകാന്‍ സാധിച്ചു. സ്പീക്കറായിരുന്ന എന്റെ നിഷ്പക്ഷതയെക്കുറിച്ച് ഒരു പ്രതിപക്ഷനേതാവെന്നനിലയിൽ അദ്ദേഹം പല പ്രാവശ്യവും പല വേദികളിലും പറഞ്ഞിരുന്നു.
അദ്ദേഹം എനിക്കു നല്കിയ അങ്ങേയറ്റത്തെ അംഗീകാരമായി ഞാനതിനെ കാണുന്നു. രാഷ്ട്രീയരംഗത്തെ പഴയ തലമുറയുടെ കരുത്തനായ ഒരു കണ്ണിയാണു നാടിനു നഷ്ടമായതെന്നും തേറന്പിൽ പറഞ്ഞു.
ഒരധ്യാത്മിക
രാഷ്ട്രീയമനസിന്റെ
വിടവാങ്ങൽ: മാർ ഔഗിൻ
കുര്യാക്കോസ്
തൃശൂർ: സമൂഹനന്മയ്ക്കായി ജീവിതം അർപ്പിച്ച, പൗരാവകാശങ്ങൾക്കുവേണ്ടി സമരംചെയ്ത ഒരധ്യാത്മിക രാഷ്ട്രീയമനസിന്റെ വിടവാങ്ങലാണു വി.എസ്. അച്യുതാനന്ദന്റെ വിയോഗമെന്നു പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ് അനുസ്മരിച്ചു.
കേരളത്തിന്റെ സാമൂഹികബോധത്തെയും ഭരണരീതിയെയും ഗൗരവത്തോടെ സ്വാധീനിച്ച അദ്ദേഹത്തിന്റെ ഓർമ എപ്പോഴും ഉജ്വലമായി നിൽക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ പൈതൃകവും പ്രവർത്തനരീതിയും തനതായ സത്യനിഷ്ഠയോടെയും ജനസമ്പർക്കത്തോടെയും അദ്ദേഹം പ്രതിനിധീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.