കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി കുഞ്ഞിനു ജന്മംനൽകി വനിതാ സിപിഒ
1577852
Tuesday, July 22, 2025 2:06 AM IST
ഒല്ലൂർ: പോലീസിനെ ആക്രമിച്ച കേസിൽ ഡ്യൂട്ടിയുടെ ഭാഗമായി മൊഴിനല്‍കാൻ, അനുവദനീയമായ പ്രസവാവധിപോലും ദീർഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവിൽ പോലീസ് ഓഫീസർ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആൺകുഞ്ഞിനു ജന്മം നൽകി.
ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണു പ്രസവിച്ചത്. കോടതിയിലെത്തിയപ്പോൾ ബ്ലീഡിംഗ് കണ്ടതിനെതുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശാരീരികവിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിർവഹണത്തോടുള്ള ആത്മാർഥതയെ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയും സഹപ്രവർത്തകരും അഭിനന്ദിച്ചു. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ ആക്രമിച്ചുപരിക്കേല്പിച്ച കേസിൽ മൊഴിനൽകാനാണു ശ്രീലക്ഷ്മി കോടതിയിൽ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസിൽ മൊഴിനൽകിയശേഷമേ അവധിയെടുക്കൂവെന്നു ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു.
വീട്ടുകാരും സഹപ്രവർത്തകരും പ്രസവാവധി താമസിപ്പിക്കുന്നതിൽ ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും ശ്രീലക്ഷ്മി തീരുമാനത്തിൽ ഉറച്ചുനിന്നു.
ഒന്‍പതുമാസം കഴിഞ്ഞ ശ്രീലക്ഷ്മി ദിവസവും ഓട്ടോറിക്ഷയിലാണു സ്റ്റേഷനിലെത്തിയിരുന്നത്. ഇന്നലെ സ്റ്റേഷനിൽനിന്നു സഹപ്രവർത്തകരോടൊപ്പം വാഹനത്തിൽ കോടതിമുറ്റത്തെത്തിയപ്പോൾ ബ്ലീഡിംഗുണ്ടാകുകയായിരുന്നു. ഉടൻതന്നെ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പ്രസവം നടക്കുകയുമായിരുന്നു.