വിഎസിന്റെ ഓർമകളിൽ; ഗുരുവായൂർ സത്യഗ്രഹ സ്മാരകങ്ങൾ
1577847
Tuesday, July 22, 2025 2:06 AM IST
ഗുരുവായൂർ: ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ ജ്വലിക്കുന്ന സ്മരണകളായി ഗുരുവായൂരിൽ നിലകൊള്ളുന്ന രണ്ടു സ്മാരകങ്ങളും നാടിനു സമർപ്പിച്ചത് വി.എസ്. അച്യുതാനന്ദൻ. വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2007 ജൂൺ അഞ്ചിനായിരുന്നു നഗരസഭയുടെ ഗുരുവായൂർ സത്യഗ്രഹകവാടത്തിന്റെ സമർപ്പണം.
ഇപ്പോഴത്തെ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസാണ് അന്നും ചെയർമാൻ. 2008 ഓഗസ്റ്റ് 16നായിരുന്നു ഗുരുവായൂർ ദേവസ്വംവക പൂന്താനം ഓഡിറ്റോറിയവും ദേവസ്വത്തിന്റെ സത്യഗ്രഹസ്മാരകമന്ദിരവും സമർപ്പിച്ചത്.
പിന്നീട് പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കാവീട് തലേങ്ങാട്ടിരിയിൽ ഗുരുവായൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായ സി.കെ. കുമാരനെ ആദരിക്കുന്ന പരിപാടിയിൽ ഉദ്ഘാടകനായി എത്തിയതും വിഎസ് ആയിരുന്നു.
കേരളത്തിന്റെ നവോത്ഥാനത്തിന് തുടക്കംകുറച്ച ഗുരുവായൂർ സത്യഗ്രഹത്തിന്റെ സ്മാരകങ്ങളുടെ സമർപ്പണം നടത്താനെത്തിയത് നവോത്ഥാനനായകനായ വിഎസ് ആയി എന്നതു ഗുരുവായൂരിന് എക്കാലത്തും അഭിമാനിക്കാവുന്നതായി.