അണ്ടത്തോട് ജിഎംഎൽപി സ്കൂളിനു രണ്ടുകോടി
1577565
Monday, July 21, 2025 1:53 AM IST
പുന്നയൂർക്കുളം: അണ്ടത്തോട് ജിഎംഎൽപി സ്കൂൾ നവീകരണത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് എൻ.കെ. അക്ബർ എംഎൽഎ. മുകൾനിലയിലെ ക്ലാസ് റൂം, പാചകപ്പുര, ചുറ്റുമതിൽ, യാർഡ് ടൈലിംഗ്, കവാടം തുടങ്ങിയവയ്ക്കാണു തുക അനുവദിച്ചത്.
165 വർഷം പഴക്കമുള്ള സ്കൂൾ ദേശീയപാത വികസനത്തിനായി വിട്ടുനൽകിയതോടെ വാടക കെട്ടിടത്തിലേക്കു മാറി. പിന്നീടു പുതിയേടത്തു സോമൻ സൗജന്യമായി നൽകിയ 20 സെന്റ് അടക്കം 52 സെന്റിൽ കെട്ടിടം നിർമിച്ചു. ഈ അധ്യയനവർഷം മുതൽ പുതിയ കെട്ടിടത്തിലാണു പ്രവർത്തനം. മുകൾനിലയിൽ നാലു ക്ലാസ്മുറികൾ നിർമിക്കാൻ ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനു പുറമേയാണു രണ്ടുകോടി കൂടി ലഭിച്ചത്. സ്കൂളിനായി ഇതുവരെ 4.75 കോടിയാണു സർക്കാർ അനുവദിച്ചത്.