സെന്റ്് ജോസഫ്സ് കോളജിലെ ഋതു കാര്‍ണിവല്‍ ശ്രദ്ധേയം
1577578
Monday, July 21, 2025 1:53 AM IST
ഇരിങ്ങാലക്കുട: സെന്റ്് ജോസഫ്സ് കോളജില്‍ ഋതു അന്തര്‍ദേശീയ പരിസ്ഥിതി ചലച്ചിത്ര മേളയ്ക്കൊപ്പം എക്സിബിഷന് വേദികള്‍ ഉണര്‍ന്നതോടെ ആയിരങ്ങളാണ് കാണികളായെത്തിയത്.
സയന്‍സ് എക്സിബിഷന്, മലയാളം വിഭാഗമൊരുക്കിയ ബഷീര്‍ കഥാപാത്രങ്ങള്നിരന്ന ഭാര്‍ഗവീനിലയം, ഇംഗ്ലീഷ് വിഭാഗത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രശസ്ത കഥാപാത്ര പരിചയം, ചരിത്രവിഭാഗത്തിന്റെ തത്സമയ കളിമണ്‍ പാത്രനിര്‍മാണം, മ്യൂസിയപരിചയം, ബിവോക് മാത്തമാറ്റിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുക്കിയ വിവിധതരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിന്റെയും പരിചയപ്പെടുത്തല്‍, വിവിധ ലാബുകളില്‍ നടത്തിയ രസകരമായ പരീക്ഷണങ്ങള്‍, ജീസസ് യൂത്തൊരുക്കിയ പ്രൊ ലൈഫ് എക്സിബിഷന്, കൊമേഴ്സ്, ഇക്കണോമിക്സ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ബാന്‍ഡുകള്‍, വളകള്‍, ബാഗുകള്‍ തുടങ്ങിയവയുടെ വില്പന, ഫോറസ്റ്റ് വകുപ്പുമായി സഹകരിച്ച് ഗണിതശാസ്ത്ര വിഭാഗവും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ഒരുക്കിയ വിവിധ ഫലവൃക്ഷത്തൈയുടെയും പച്ചക്കറി, പൂച്ചെടികളുടെയും വില്പന എന്നിവയും നടന്നു.
കോളജിന്റെ സ്ക്രിപ്റ്റ് ഗാര്‍ഡനില്‍ ഒരുക്കിയ ഓലക്കുടിലില്‍ കോളജിന്റെ മ്യൂസിക് ബാന്‍ഡ് "ഋതുരാഗം' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡാന്‍സ് ക്ലബ് സംഘടിപ്പിച്ച നൃത്തം, എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും നടത്തിയ ഫ്ലാഷ് മോബ് തുടങ്ങിയവ കാര്‍ണിവലിന് ആവേശം പകര്‍ന്നു. ഫാഷന്‍ ടെക്നോളജി വിഭാഗം "കാളിക' എന്ന പേരില്‍ തുരുമ്പില്നിന്ന് നിറക്കൂട്ടൊരുക്കി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നടത്തിയ ഫാഷന്‍ ഷോ കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണമായി. എന്‍എസ്എസിനോടൊപ്പം ചേര്‍ന്ന് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും കോളജിലെ നോണ്‍ ടീച്ചിംഗ് സ്റ്റാഫും നടത്തിയ തട്ടുകടകള്‍ വിഭവരുചി വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. കോളജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിരവധി ഗെയിമുകളും സംഘടിപ്പിച്ചിരുന്നു.