കുഴിയിലെ വെള്ളത്തിൽകുളിച്ച് ബിജെപിക്കാർ
1577571
Monday, July 21, 2025 1:53 AM IST
എരുമപ്പെട്ടി: നെല്ലുവായ് - പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി പ്രവർത്തകർ റോഡിലെ കുഴിയിലെ വെള്ളത്തിൽകുളിച്ച് പ്രതിഷേധിച്ചു. കുട്ടഞ്ചേരി പ്രദേശത്തുള്ള രണ്ട് കലുങ്ക് പാലത്തിന്റെ പണി പൂർത്തീകരിച്ചിട്ടില്ല. ഈ ഭാഗത്ത് റോഡിൽ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴികളിൽച്ചാടി ബൈക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരുക്കുപറ്റുന്നത് പതിവായിരിക്കുകയാണ്.
എംഎൽഎയും പഞ്ചായത്ത് ഭരണസമിതിയും പൊതുമരാമത്തുവകുപ്പും ജനങ്ങളുടെ ജീവന് വിൽകൽപ്പിക്കുന്നില്ലെന്നും വാർഡിലെ ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും ബിജെപി ആരോപിച്ചു. എരുമപ്പെട്ടി മണ്ഡലം ജനറൽസെക്രട്ടറി വിഷ്ണു അമ്പാടി സമരം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അധ്യക്ഷനായി. നേതാക്കളായ രാജേഷ് കുട്ടഞ്ചേരി, ആനന്ദൻ, മുരളി വടക്കൂട്ട്, എൻ.സി. ബാലൻ, അജേഷ് എന്നിവർ നേതൃത്വം നൽകി.