സംഗീതനാടക അക്കാദമി പുസ്തകശാല ഉദ്ഘാടനം ഇന്ന്
1577563
Monday, July 21, 2025 1:53 AM IST
തൃശൂർ: കേരള സംഗീതനാടക അക്കാദമിയുടെ പുസ്തകശാല സാംസ്കാരികമന്ത്രി സജി ചെറിയാൻ ഇന്നു രാവിലെ 10.50ന് ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ. ബിന്ദു പങ്കെടുക്കും. അക്കാദമിവളപ്പിലാണു പുസ്ത കശാല. 1964 മുതൽ അക്കാദമി പുസ്തകപ്രകാശനം ആരംഭിച്ചെങ്കിലും വിൽക്കാൻ സ്വന്തമായി പുസ്തക ശാല ഉണ്ടായിരുന്നില്ല. അക്കാദമി ഓഫീസ്, ഓണ്‍ലൈൻ എന്നിവയിലൂടെയായിരുന്നു പ്രധാനമായും വിൽപന.
കേരളത്തിൽ കലാസംബന്ധിയായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ആധികാരികസ്ഥാപനമാണ് സംഗീതനാടക അക്കാദമി. 1964ൽ കാവാലം നാരായണപ്പണിക്കർ സെക്രട്ടറി ആയിരുന്നപ്പോൾ എണ്ണപ്പാടം വെങ്കിട രാമഭാഗവതർ എഴുതിയ വെങ്കിട്ടരമണീയം ആണ് അക്കാദമി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം. ഇതുവരെ 78 പുസ്തകങ്ങൾ പുറത്തിറക്കി. എട്ടെണ്ണം ഉടൻ പുറത്തിറങ്ങും.
പുസ്തകങ്ങൾക്ക് 20 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കിഴിവുണ്ട്. പ്രസന്നയുടെ ഇന്ത്യൻ മെത്തേഡ് ഓഫ് ആക്ടിംഗിന്റെ മലയാളപരിഭാഷയും കേരള സംഗീതനാടക അക്കാദമിയുടെ ചരിത്രവും ബെർതോൾട് ബ്രെഹ്റ്റിന്റെ സന്പൂർണ നാടകങ്ങളുടെ മലയാള പരിഭാഷയും ഉടൻ പുറത്തിറങ്ങും.