അപകടഭീഷണിയിൽ മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടം
1577862
Tuesday, July 22, 2025 2:06 AM IST
പുന്നംപറമ്പ്: ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന തെക്കുംകര പഞ്ചായത്തിലെ സർക്കാർ സ്കൂളായ മച്ചാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 65 വർഷത്തോളം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കത്താൽ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
നിരവധിതവണ പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് വാർഡ്മെമ്പർ കെ. രാമചന്ദ്രൻ ഇതുസംബന്ധിച്ച് തലപ്പള്ളി താലൂക്ക് തഹസിൽദാർക്ക് ഇന്നലെ പരാതി നൽകുകയായിരുന്നു.
പരാതിയുടെ ഗൗരവം മനസ്സിലാക്കിയ തലപ്പള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്തിന്റെനേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും സ്കൂൾ അധികൃതരുമായി സംസാരിച്ച് അടിയന്തര നടപടിക്ക് നിർദേശം നൽകുകയും ചെയ്തു. ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്തിന് കത്തയച്ചിരുന്നതായി സ്കൂൾ അധികൃതർ തഹസിൽദാരെ ബോധ്യപ്പെടുത്തി. അപകട സാധ്യത മുന്നിൽക്കണ്ട് അടിയന്തരമായ നടപടി സ്വീകരിക്കുവാൻ ഇടപെടൽ ഉണ്ടാകുമെന്ന് തഹസിൽദാർ വ്യക്തമാക്കി.
റോഡിനോട് ചേർന്നുള്ള പഴയ കെട്ടിടം റോഡ് നിർമാണത്തിന്റെ ഭാഗമായി കാന കോരിയതിനാൽ മതിൽ ഉൾപ്പെടെ ഇളകി നിൽക്കുകയാണ്. സ്കൂൾ കുട്ടികൾ കയറാതിരിക്കുവാൻ കയറുകെട്ടി നോഎൻട്രി ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അധ്യാപകരുടെ കണ്ണുവെട്ടിച്ച് കുട്ടികൾ ഈ ഭാഗത്തേക്ക് എത്തുന്നുണ്ട്. വിഷയത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് വാർഡ് മെമ്പറും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
എന്നാൽ 2018മുതൽ ആരോപണം ഉന്നയിച്ച കെട്ടിടത്തിൽ ക്ലാസുകൾ ഉണ്ടായിരുന്നില്ലെന്നും ഹൈസ്കൂൾ ഓഫീസ് മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും വൈകാതെ തന്നെ ഓഫീസും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
ആദ്യകാലത്ത് നിർമിച്ച കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ ജില്ലാ പഞ്ചായത്ത് അധികൃതർക്ക് കത്തുനൽകിയിട്ടുണ്ടെന്നും എന്തുകാരണത്താലാണ് കെട്ടിടം പൊളിച്ചു നീക്കുന്നതെന്നും കാണിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തിൽ നിന്നും മറുപടി കിട്ടിയതായും കെട്ടിടത്തിന്റെ ശോചനിയാവസ്ഥകാണിച്ച് വീണ്ടും കത്ത് നൽകുമെന്നും നടപടികൃമങ്ങൾ പൂർത്തിയാക്കി കെട്ടിടം ഉടൻ പൊളിച്ചു നീക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.