ദേശീയപാതയോരത്തു മാലിന്യം തള്ളിയവരെ കൈയോടെ പിടികൂടി ഹരിതകർമസേന
1581011
Sunday, August 3, 2025 8:14 AM IST
കൊരട്ടി: ദേശീയപാത പൊങ്ങത്തിനും ചിറങ്ങരയ്ക്കും ഇടയിലുള്ള പാതയോരത്ത് പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യം തള്ളിയവരെ കൈയോടെ പിടികൂടി ഹരിത കർമസേനാംഗങ്ങൾ. അങ്കമാലി പുളിയനം ഭാഗത്തെ ഓൺലൈൻ ബിസിനസ് കേന്ദ്രത്തിലെ തെർമോക്കോൾ, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ കണ്ടെയ്നറിൽ കൊണ്ടുവന്ന് തള്ളുന്നതിനിടെയാണ് വാർഡ് കേന്ദ്രീകരിച്ച് മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം ഹരിയാന രജിസ്ട്രേഷനിലുള്ളതാണ്.
വണ്ടി തടഞ്ഞ ഹരിതകർമസേ നാംഗങ്ങൾ വഴിവക്കിൽ തള്ളിയ മാലിന്യം വാഹനത്തിൽ തിരിച്ചു കയറ്റിയശേഷം പഞ്ചായത്ത് സെ ക്രട്ടറിയെ വിവരം അറിയിച്ചു. സെ ക്രട്ടറി വാഹനനമ്പർ കൊരട്ടി പോലീസിനു നൽകിയതിനെ തു ടർന്ന് കണ്ടെയ്നർ വാഹനത്തിന്റെ ഉടമയെ കണ്ടെത്താനായി. ഇതിനിടെ വാഹനവുമായി ചിറങ്ങരയിൽനിന്നും അങ്കമാലി ഭാഗത്തേക്കു യൂ ടേൺ എടുത്തു പോകുന്നതിനിടെ ഹരിതകർമസേനയിലെ സാജു ഗോപൻ, രാജേഷ്, ഡ്രൈവർ നിതിൻ എന്നിവർ അങ്കമാലി പോലീസ് എത്തുന്നതുവരെ പിൻതുടർന്നു.
തുടർന്ന് അങ്കമാലി പോലീസിന്റെ സഹായത്തോടെ കരയാംപറമ്പുനിന്ന് വാഹനം തിരിച്ച് കൊരട്ടി സ്റ്റേഷനിലെത്തിച്ചു. പാതയോരത്ത് മാലിന്യം തളളിയതിന് ചട്ടം അനുശാസിക്കുന്ന തൽസമയ പിഴയായ 5000 രൂപ പഞ്ചായത്ത് ഈടാക്കി. ഹരിതകർമസേന കോ-ഒാർഡിനേറ്റർ എം. ആർ. രമ്യയുടെ നേതൃത്വത്തിൽ 19 വാർഡിലും കുറ്റമറ്റരീതിയിൽ മാലിന്യശേഖരണം നടക്കുന്നതിനിടെയാണ് സാമൂഹ്യവിരുദ്ധർ അലക്ഷ്യമായി പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത്.