ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വിഷയം: രാജീവ് ചന്ദ്രശേഖറിനു കത്തുനല്‍കി
1581362
Tuesday, August 5, 2025 1:04 AM IST
ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം ആവശ്യപ്പെട്ട് നടക്കുന്ന ജനകീയസമരത്തെ തൃശൂര്‍ ലോക്സഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അവഗണിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് സമരസമിതി മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ കത്ത് നല്കി.
സുരേഷ് ഗോപിയെ കണ്ടുചര്‍ച്ച നടത്താന്‍ സമയം ചോദിച്ച് കത്തുനല്‍കി ആറുമാസമായിട്ടും പരിഗണിക്കാത്തത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് കത്തില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപി പ്രതിനിധിയായ പി.കെ. കൃഷ്ണദാസ് വന്ന് സ്റ്റേഷന് വികസനം അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും പത്തു കോടി രൂപ അനുവദിച്ചുവെന്നും അറിയിച്ചിരുന്നു.
സ്റ്റേഷന് വികസന വിഷയത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി ഉള്‍പ്പടെയുള്ള നേതാക്കള്‍ പലവട്ടം ഉറപ്പു നല്കി. തെരഞ്ഞെടുക്കപ്പെട്ടശേഷം യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോവിഡ് കാലത്ത് സ്റ്റോപ്പ് എടുത്തുകളഞ്ഞ ട്രെയിനുകള്‍ വീണ്ടും ഇവിടെ നിര്‍ത്താനാവശ്യമായ നടപടികള്‍പോലും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ജനകീയസമരങ്ങളെ അവഗണിക്കുന്ന നടപടികളില്‍നിന്ന് ജനപ്രതിനിധിയായ സുരേഷ് ഗോപിയെ തിരുത്തണമെന്നും രാജീവ് ചന്ദ്രശേഖറിനു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.