ചേറ്റുവ മേഖലയിലെ കുടിവെള്ളപ്രശ്നം: പരിശോധനനടത്തി
1581015
Sunday, August 3, 2025 8:14 AM IST
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡിൽ ചേറ്റുവ തീരദേശമേഖലയിൽ കുടിവെള്ളം തടസപ്പെട്ട് കിടക്കുന്നത് പരിശോധിക്കാൻ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥസംഘം സ്ഥലംസന്ദർശിച്ചു.
വാട്ടർ അഥോറിറ്റി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിന്നി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലിറ്റി, അസിസ്റ്റന്റ് എൻജിനീയർ ഷാലി എന്നിവർ സ്ഥലത്തെത്തി പരാതിക്കാരുമായി കൂടിക്കാഴ്ചനടത്തി. മൂന്നുവർഷത്തോളമായി തീരദേശപ്രദേശത്തും പരിസരപ്രദേശങ്ങളിലും വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം തടസപ്പെട്ടത് ചൂണ്ടിക്കാണിച്ചു അഡ്വ.പി.ടി. ഷീജിഷ് മുഖേന സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി ഫയൽ ചെയ്തിരുന്നു.
കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികാരികൾക്ക് മുമ്പിൽ പരാതിനൽകിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.