റെയിൽവേ മേൽപ്പാലം ബൈപാസ് റോഡ്: ഉദ്യോഗസ്ഥര്‍ക്കു രൂക്ഷവിമർശനം
1581018
Sunday, August 3, 2025 8:14 AM IST
വടക്കാഞ്ചേരി: റെയിൽവേ മേൽപ്പാലം ബൈപാസ് റോഡിലെ അപകടാവസ്ഥയില്‍ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് തലപ്പിള്ളി തഹസിൽദാർ. പോലീസ്, ആർടിഒ, പൊതുമരാമത്ത്, നഗരസഭ ഉദ്യോഗസ്ഥരെയാണ് തലപ്പിള്ളി തഹസിൽദാർ രാജേഷ് മാരാത്ത് രൂക്ഷമായിവിമർശിച്ചത്.
പ്രദേശത്ത് നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കണമെന്നും കുന്നിൻമുകളിൽ അപകടാവസ്ഥയിൽനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നുമുള്ള താലൂക്ക് വികസനസമിതിയോഗ തീരുമാനങ്ങൾ നടപ്പാക്കാത്തതിനെതിരേയാണ് തഹസിൽദാർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
കുന്നിനുസമീപത്ത് രാത്രിസമയങ്ങളിൽ വാഹന പാർക്കിംഗ് ഒഴിവാക്കാന്‍ കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിൽ നിർദേശം നൽകിയിരുന്നു. നിരന്തരമായി വികസനസമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമെടുത്തു. യോഗത്തിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ വിഷയങ്ങൾ പഠിച്ചുവേണം യോഗങ്ങളിൽ പങ്കെടുക്കാനെന്നും രൂക്ഷമായ ഭാഷയിൽ തഹസിൽദാർ പറഞ്ഞു. യോഗത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.