കൈനിറയെ പദ്ധതികൾ
1581102
Monday, August 4, 2025 1:11 AM IST
സ്വന്തം ലേഖകൻ
തൃശൂർ: യാത്രാസൗകര്യങ്ങൾ മുതൽ മാലിന്യനിർമാർജനം വരെ തൃശൂർ ജില്ലയുടെ ആധുനീകരണത്തിനുള്ള മുറവിളികൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്. കെഎസ്ആർടിസി സ്റ്റാൻഡ് വികസനം, പടിഞ്ഞാറേകോട്ട വികസനം, പുത്തൂർ സുവോളജിക്കൽ പാർക്ക്, തേക്കിൻകാട് മൈതാനത്തിന്റെ വികസനം, കെ എസ്ആർടിസി- റെയിൽവേ ഓവർബ്രിഡ്ജ്, വിവിധ മേൽപ്പാലങ്ങൾ എന്നിങ്ങനെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പായിട്ടില്ല. എംജി റോഡ് വികസനത്തിന്റെ രണ്ടാംഘട്ടത്തിനെന്ന പേരിൽ 15 കോടിയും ബജറ്റിൽ വകയിരുത്തിയെങ്കിലും എങ്ങുമെത്തിയില്ല. റോഡിന്റെ ശോചനീയാവസ്ഥയിൽ നിരവധി ജീവനുകൾ പൊലിഞ്ഞതു മിച്ചം.
മാലിന്യപ്രശ്നത്തിനു പരിഹാരമായി കുരിയച്ചിറയിൽ മാലിന്യ പ്ലാന്റ് സ്ഥാപിച്ച് മന്ത്രിയെ വിളിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ല. അതേസമയം, വൃത്തിയുടെ കാര്യത്തിൽ തൃശൂരിനു നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സംസ്ഥാന- കോർപറേഷൻ ബജറ്റ് പ്രഖ്യാപനത്തിനു പുറമേ, നവകേരളസദസിൽ 91 കോടിയുടെ പദ്ധതികൾക്കുകൂടി അംഗീകാരം നൽകിയത് പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. കെ എസ്ആർടിസി സ്റ്റാൻഡ് 48 ദിവസത്തിനകം പൊളിച്ചുമാറ്റാനും പുതിയതിന്റെ പ്രവൃത്തികൾ ആരംഭിക്കുമെന്നതും നല്ല തുടക്കമായി വിലയിരുത്താം.
ഗതികേട് മാറുന്നു ; സ്റ്റാൻഡ്
‘പൊളി’ക്കും
തൃശൂർ: പുതിയ കെ എസ്ആർടിസി സ്റ്റാൻഡ് നിർമിക്കാൻ 28 ലക്ഷത്തിന്റെ ടെൻഡർ. പട്ടാന്പിയിലെ പി.കെ. എന്റർപ്രൈസസ് ആണു ടെൻഡർ ഏറ്റെടുത്തത്. 45 ദിവസത്തിനകം സ്റ്റാൻഡ് പൊളിക്കും. ഇക്കണ്ടവാരിയർ റോഡിലെ മൈതാനം ഏറ്റെടുത്ത് താത്കാലിക സ്റ്റാൻഡ് ക്രമീകരിക്കാൻ മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, കെ. രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ. വർഗീസ്, കെ എസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ എന്നിവരുടെ യോഗത്തിൽ തീരുമാനമായി.
സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആകാശപ്പാതയുടെ നിർമാണം ഏറ്റെടുക്കാമെന്നു മേയർ എം.കെ. വർഗീസ് അറിയിച്ചു. എംഎൽഎയുടെ നവകേരള ഫണ്ടിൽനിന്ന് ഏഴുകോടിയും ആസ്തിവികസനഫണ്ടിൽനിന്ന് രണ്ടരക്കോടിയും ഉപയോഗിച്ചാണു സ്റ്റാൻഡ് നിർമാണം.