പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളി ശതോത്തര സുവര്‍ണജൂബിലി സമാപനം ഇന്ന്
1581021
Sunday, August 3, 2025 8:14 AM IST
വരന്തരപ്പിള്ളി: പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളി സ്ഥാപിതമായി 150 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ സമാപന ആഘോഷങ്ങള്‍ ഇന്നുനടക്കും. വൈകിട്ട് 3.30ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിക്കും.
ജൂബിലിയോടുനുബന്ധിച്ച് ഇടവകയിലെ നൂറ്റിയമ്പതോളംപേര്‍ പകര്‍ത്തിയെഴുതിയ ബൈബിള്‍ പുതിയ നിയമത്തിന്റെ പകര്‍പ്പുകള്‍ ആശിര്‍വദിച്ച് അള്‍ത്താരയില്‍ സമര്‍പ്പിക്കും. കേന്ദ്രസമിതി കണ്‍വീനര്‍ ജോയ് ആറ്റുപുറം സമ്പൂര്‍ണ ബൈബിള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന് കൈമാറും. ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈദികര്‍, പുതുക്കാട് ഫൊറോനയിലെ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും.
ദിവ്യബലിക്കുശേഷം നടക്കുന്ന പൊതുസമ്മേളനം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്യും. പുതുക്കാട് ഫൊറോന വികാരി ഫാ. പോള്‍ തേയ്ക്കാനത്ത് അധ്യക്ഷതവഹിക്കും. തൃശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയാകും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സന് കൂനംപ്ലാക്കല്‍, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് തുടങ്ങിയവര്‍ സന്നിഹിതരാകും.
ശതോത്തരജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച നാല് കാരുണ്യഭവനങ്ങളുടെ താക്കോല്‍ദാനവും സ്മരണിക പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും. വികാരി ഫാ. ജോര്‍ജ് എടക്കളത്തൂര്‍, അസിസ്റ്റന്റ് വികാരി ഫാ. ജാക്സന് തെക്കേക്കര, ഡീക്കന്‍ റോണി പാണേങ്ങാടന്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസ്മിന് കുരിയന്‍, കൈക്കാരന് ലിന്റോ കൊമ്പന്, കണ്‍വീനര്‍ ഡേവീസ് തെക്കുംപുറം തുടങ്ങിയവര്‍ നേതൃത്വംനല്കും.