"ചങ്ങാതിക്കൊരു തൈ' കാന്പയിൻ ജില്ലാതല ഉദ്ഘാടനം
1581359
Tuesday, August 5, 2025 1:04 AM IST
തൃശൂർ: സൗഹൃദം മഹാവൃക്ഷമായി വരട്ടെ എന്ന ആശയവുമായി ചങ്ങാതിക്കൊരു തൈ കാന്പയിനിലൂടെ സുഹൃത്തുക്കൾക്കു നട്ടുവളർത്താൻ വൃക്ഷത്തൈകൈമാറ്റവുമായി ഹരിതകേരളം മിഷൻ. ചങ്ങാതിക്കൊരു തൈ കാന്പയിൻ ജില്ലാതല ഉദ്ഘാടനം തിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. കുട്ടിക്കർഷകയ്ക്കുള്ള അവാർഡ് നേടിയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിനി പി.ബി. എയ്മിക്കു തൈ കൈമാറിക്കൊണ്ടും വിദ്യാലയാങ്കണത്തിൽ തൈ നട്ടുകൊണ്ടുമാണ് ഉദ്ഘാടനം നിർവഹിച്ചത്. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.
ഒരു കോടി വൃക്ഷത്തൈകൾ നടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഹരിതകേരള മിഷൻ ലോക പരിസ്ഥിതിദിനമായ അഞ്ചുമുതൽ നടത്തിവരുന്ന ഒരു തൈ നടാം വൃക്ഷവത്കരണ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ ഭരണകൂടം നടപ്പാക്കുന്ന വാ വായിക്കാം പദ്ധതിയിലേക്കുള്ള പുസ്തകങ്ങൾ പ്രധാനാധ്യാപിക ബിത ഫ്രാൻസിസ് ജില്ലാ കളക്ടർക്കു കൈമാറി.
നവകേരളം കർമപദ്ധതി ജില്ലാ കോഓർഡിനേറ്റർ സി. ദിദിക, സ്കൂൾ പ്രധാനാധ്യാപിക ബിത ഫ്രാൻസിസ് തരകൻ, സ്കൂൾമാനേജർ ഫാ. പോൾസണ്‍ പാലത്തിങ്കൽ, വാർഡ് മെന്പർ ടി.കെ. കൃഷ്ണൻകുട്ടി, പിടിഎ പ്രസിഡന്റ് വിനീത സാജൻ, പി.ജെ. ജോഫി തുടങ്ങിയവർ പ്രസംഗിച്ചു.