തഹസിൽദാരുടെ വാഹനത്തെ കാട്ടാന ആക്രമിച്ചു
1581103
Monday, August 4, 2025 1:11 AM IST
അതിരപ്പിള്ളി: തഹസിൽദാരുടെ വാഹനത്തെ കാട്ടാന ആക്രമിച്ചു . മലക്കപ്പാറയിൽ വീരാൻകുടി ഉന്നതിയിൽ പുലി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച രാഹുൽ എന്ന കുട്ടിയുടെ കുടുംബം ഉൾപ്പെടെ ഏഴു കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ മലക്കപ്പാറയിൽ പോയി മടങ്ങി വരുമ്പോഴാണ് ചാലക്കുടി തഹസിൽദാർ കെ.എ. ജേക്കബും റവന്യു ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിനു നേരെ കാട്ടാന ആക്രമിച്ചത്.
രാത്രി 11 നാണ് തഹസിൽദാരുടെ വാഹനത്തെ കാട്ടാന ആക്രമിച്ചത്. വാഹനം പിന്നിൽനിന്ന് എടുത്ത് ഉയർത്താൻ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാൻ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടി മറഞ്ഞു.
കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് നടപടികൾക്കായി മലക്കപ്പാറയിൽ പോയ തഹസിൽദാർ അടങ്ങുന്ന ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾതന്നെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതും ആശങ്ക പടർത്തി.