മലക്കപ്പാറ വീരാംകുടി ഉന്നതിയിൽ വീണ്ടും പുലിയെത്തി
1581109
Monday, August 4, 2025 1:11 AM IST
മലക്കപ്പാറ: വന്യമൃഗശല്യംമൂലം ദുരിതമനുഭവിക്കുന്ന വീരാംകുടി ഉന്നതിയിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുവേണ്ടി റവന്യൂ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഉന്നതിയിൽ പുലിയെത്തി. കഴിഞ്ഞ ദിവസം ഉന്നതിയിലെ നാലുവയസുകാരനെ പുലി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തെ തുടർന്ന് ചാലക്കുടി തഹസിൽദാരും റവന്യു ഉദ്യോഗസ്ഥരും എത്തി ഇവരെ മാറ്റി താമസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉന്നതിയിൽ പുലി എത്തിയത്.
വനപാലകരെ വിവരം അറിയിക്കുകയും വാഴച്ചാലിൽനിന്നും വനപാലകരെത്തിയാണു പുലിയെ തുരത്തിയത്. വീരാംകുടി ഭാഗത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് ഉന്നതിയിലെ കുടുബങ്ങൾ ആവശ്യപ്പെട്ടു. ഇവരെ മലക്കപ്പാറ കമ്യൂണിറ്റി ഹാളിലേക്കു മാറ്റിത്താമസിപ്പിക്കാനാണു തഹസിൽദാർ എത്തിയത്. രണ്ടു കുടുബങ്ങൾ മാത്രമാണു മാറിത്താമസിക്കാൻ തയാറായത്.
മാരാങ്കോട് സർക്കാർ നൽകാമെന്ന് പറഞ്ഞ സ്ഥലം നല്കണമെന്നാണ് ഇവരുടെ ആവശ്യം. മാരാങ്കോട് സ്ഥലം നൽകുന്നതിനെ വനംവകുപ്പ് എതിർത്തതാണ് താസമായത്.