സിഐഐ പിന്തുണയിൽ കളക്ടറേറ്റ് ക്ലോക്ക് ടവർ വീണ്ടും മിടിച്ചുതുടങ്ങി
1581024
Sunday, August 3, 2025 8:14 AM IST
തൃശൂർ: വർഷങ്ങളായി നിലച്ചിരുന്ന അയ്യന്തോൾ കളക്ടറേറ്റിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ വീണ്ടും പ്രവർത്തനക്ഷമമായി. കഴിഞ്ഞ മാർച്ചിലാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ ശ്രദ്ധയിൽ ക്ലോക്ക് ടവറിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനൊപ്പം ക്ലോക്ക് ടവർ സന്ദർശിച്ച കളക്ടർ, തകരാർ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനു നിർദേശം നൽകുകയായിരുന്നു.
വ്യവസായ വകുപ്പിന്റെ മേൽനോട്ടത്തിൽ കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) സഹകരണത്തോടെ ക്ലോക്കിന്റെ മെക്കാനിക്കൽ തകരാറുകൾ പൂർണമായി പരിഹരിക്കുകയായിരുന്നു. ഇതോടെ ക്ലോക്ക് ടവർ വീണ്ടും മിടിച്ചുതുടങ്ങി.
പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്രതീകമായി സിഐഐ തൃശൂര്‍ സോണ്‍ ചെയര്മാന് സുരേഷ് ബാബുവും വൈസ് ചെയര്മാന് ഡോ. യദു നാരായണന് മൂസും ചേര്‍ന്ന് പുനഃസ്ഥാപിച്ച ക്ലോക്കിന്റെ ഫ്രെയിം ചെയ്ത ചിത്രം ജില്ലാ കളക്ടര്‍ക്കു സമ്മാനിച്ചു. ഈ പ്രവര്‍ത്തനം ഏറ്റെടുത്തതിനു സിഐഐ തൃശൂര്‍ മേഖലയെ കളക്ടര്‍ പ്രശംസിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, എഡിഎം ടി. മുരളി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ തുടങ്ങിയവർ ക്ലോക്ക് ടവർ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. സിവിൽ സ്റ്റേഷനിലെ പൂന്തോട്ടം, കെട്ടിടത്തിലേക്കുള്ള റോഡുകൾ, ക്രഷ്, ചുറ്റുമതിൽ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.