ബോട്ടിലെ 26 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു ; പ്രോപ്പല്ലറിൽ വല കുരുങ്ങി എൻജിൻ നിലച്ചു
1581027
Sunday, August 3, 2025 8:23 AM IST
അഴീക്കോട്: ആഴക്കടലിൽവച്ച് പ്രോപ്പല്ലറിൽ വല കുരുങ്ങി എൻജിൻ നിലച്ചതിനെത്തുടർന്ന് കടലിൽ ഒഴുകിനടന്ന ബോട്ടിലെ 26 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. എറണാകുളം കൊച്ചിൻ ഹാർബറിൽ നിന്നു വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനു പോയ റഹ്മ എന്ന ബോട്ടും അതിലെ തൊഴിലാളികളെയുമാണ് ഫിഷറീസ് വകുപ്പിന്റെ ബോട്ട് കരയ്ക്കെത്തിച്ചത്.
തൃശൂർ കയ്പമംഗലം കടലിൽ 10 നോട്ടിക്കൽ മൈൽ അകലെ വഞ്ചിപ്പുര വടക്ക്-പടിഞ്ഞാറ് ഭാഗത്തുവച്ചാണ് കൊച്ചി ഈരവേലി സ്വദേശി ഹംസ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടിന്റെ എൻജിൻ പ്രവർത്തനം നിലച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന തൊഴിലാളികളെല്ലാം കൊച്ചി സ്വദേശികളാണ്.
രാത്രി 7.35ഓടെ ബോട്ടും തൊഴിലാളികളും കടലിൽ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമയുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, സീ റസ്ക്യൂ ഗാർഡുമാരായ കൃഷ്ണപ്രസാദ്, സുധീഷ്, ബോട്ട് സ്രാങ്ക് ദേവസി മുനന്പം, എൻജിൻ ഡ്രൈവർ ഫെലിക്സ് പള്ളിപ്പുറം എന്നിവരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
കടലിൽ ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെടെ ഫിഷറീസ് വകുപ്പിന്റെ മുനക്കകടവ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷനുകൾ സുസജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരൻ അറിയിച്ചു.