ഫാ. തോമസ് വാഴപ്പള്ളി സ്മാരക അധ്യാപക പുരസ്കാരം സമ്മാനിച്ചു
1581352
Tuesday, August 5, 2025 1:04 AM IST
തൃശൂർ: വിദ്യാഭ്യാസ -സാമൂഹികപ്രവർത്തകനും അവിഭക്ത തൃശൂർ രൂപതയിലെ വിദ്യാലയങ്ങളുടെ ആദ്യത്തെ കോർപറേറ്റ് മാനേജരുമായിരുന്ന ഫാ. തോമസ് വാഴപ്പിള്ളിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ തോമസ് വാഴപ്പള്ളി സ്മാരക അധ്യാപക പുരസ്കാരം കോടന്നൂർ സെന്റ് ആന്റണീസ് യുപി സ്കൂളിലെ കെ.വി. തങ്കമ്മയ്ക്ക് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് സമ്മാനിച്ചു. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.
തൃശൂർ, ഇരിങ്ങാലക്കുട രൂപതകളിലെ സ്കൂളുകളെ ഒരു കുടക്കീഴിലാക്കാൻ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയെന്ന ആശയം നടപ്പാക്കിയത് ഫാ. തോമസ് വാഴപ്പിള്ളിയായിരുന്നു. തുടർന്നുള്ള വർഷങ്ങളിലും രണ്ടു രൂപതകൾക്കു കീഴിലുള്ള സ്കൂളുകളിലെ മികച്ച അധ്യാപകർക്ക് പുരസ്കാരം നൽകും.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വികാരി ജനറാൾ ഫാ. ജോസ് കോനിക്കര, കോർപറേറ്റ് മാനേജർ ഫാ. ജോയ് അടന്പുകുളം, ഗിൽഡ് പ്രസിഡന്റ് എ.ഡി. സാജു, വി.എസ്. ചാക്കോച്ചൻ, പ്രിൻസിപ്പൽ ഫോറം കണ്‍വീനർ കെ.എഫ്. ബാബു, വൈസ് പ്രസിഡന്റ് ബിജു പി. ആന്റണി, പുത്തൻപീടിക ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ സ്മിത, സിസ്റ്റർ ആഗ്നസ് സിഎംസി, ജനറൽ കണ്‍വീനർ എൻ.പി. ജാക്സണ് എന്നിവർ പ്രസംഗിച്ചു.
2025ലെ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ഫാ. തോമസ് വാഴപ്പിള്ളിയുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ ജൻമനാടായ പുത്തൻവേലിക്കരയിലെ വാഴപ്പിള്ളി കുടുംബാംഗങ്ങളാണു പുരസ്കാരം ഏർപ്പെടുത്തിയത്.