ചേലക്കരിയിൽ കാട്ടാനയുടെ വിളയാട്ടം: വ്യാപക കൃഷിനാശം
1581022
Sunday, August 3, 2025 8:14 AM IST
ചേലക്കര: കാട്ടാനയുടെ വിളയാട്ടത്തില്‍ കാർഷകദുരിതം തുടർക്കഥയാവുന്നു. ചേലക്കര തോണൂർക്കരയിൽ ഇന്നലെ പുലർച്ചെ കാടിറങ്ങിയ ഒറ്റയാന്റെ ആക്രമണം കർഷകന്റെ സ്വപ്നങ്ങൾക്കുമേലുള്ള ഇരുട്ടടിയായി.
ഓണവിപണി ലക്ഷ്യമിട്ട് വിളവെടുപ്പിന് പാകമായ ചങ്ങാലിക്കോടൻ വാഴത്തോട്ടം ഒറ്റയാൻ നശിപ്പിച്ചു. പാകമായ 25ലധികം നേന്ത്രവാഴകളും തെങ്ങുകളും റബർ മരങ്ങളും നശിച്ചതോടെ ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറയുന്നു. തോന്നൂർക്കര പടിക്കാറ്റുമുറി മാട്ടിങ്ങൽ സ്വദേശി മനപ്പടിക്കൽ അരവിന്ദാക്ഷന്റെ വീടിനോട് ചേർന്നുള്ള ഒരേക്കറോളം വരുന്ന പുരയിടത്തിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായിട്ടും അധികാരികൾ ശ്രദ്ധിക്കുന്നില്ലന്ന് പരാതിയുണ്ട്. കുതിരാൻ തുരങ്കം പൂർത്തിയായശേഷം മച്ചാട് മലയടിവാരത്തുള്ള ജനവാസമേഖലയിൽ ആദ്യമായി കാട്ടാന ശല്യം റിപ്പോർട്ട് ചെയ്തത് ഈ പ്രദേശത്താണ്. അതിനുശേഷം വന്യജീവികളുടെ ആക്രമണം ഇവിടെ പതിവാണ്.