വരവൂർ പഞ്ചായത്തിനെതിരേ പ്രതിഷേധവുമായി പഞ്ചായത്തംഗം
1581349
Tuesday, August 5, 2025 1:04 AM IST
എരുമപ്പെട്ടി: വരവൂർ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന വിവാഹ മണ്ഡപത്തിനെതിരേ നടപടി സ്വീകരിക്കാത്ത എൽഡിഎഫ് ഭരണസമിതിക്കെതിരേ പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പർ എം. വീരചന്ദ്രൻ. അങ്കണവാടി ജീവനക്കാരെ നിയമിച്ചതിലും സിപിഎം ഭരണസമിതി രാഷ്ട്രീയവിവേചനം കാണിച്ചെന്നും ആരോപണം.
പഞ്ചായത്തിലെ ഒമ്പതാംവാർഡ് കുമരപ്പനാലിൽ മൂന്നുവർഷത്തിലധിക മായി കെട്ടിടനമ്പറും ലൈസൻസുമില്ലാതെ അനധികൃതമായാണ് കല്യാണമണ്ഡപം പ്രവർത്തിക്കുന്നത്. ഈ ആഢംബര മണ്ഡപത്തിൽനിന്ന് ടാക്സ് ഈടാക്കാൻ കഴിയാത്തതിനാൽ പഞ്ചായത്തിന്റെ തനതുഫണ്ടിലേക്ക് വരേണ്ട വലിയൊരുതുകയാണ് നഷ്ടപ്പെടുന്നത്.
ഇതിനെതിരേ സെക്രട്ടറിക്കും ഭരണസമിതിക്കും പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല. സാധാരണക്കാരെ ടാക്സ് ഇനത്തിൽ ദ്രോഹിക്കുന്ന ഭരണസമിതിയും ഉദ്യോഗസ്ഥരും സമ്പന്നരായ വ്യക്തികളുടെ ടാക്സ് വെട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും എം. വീരചന്ദ്രൻ എരുമപ്പെട്ടി പ്രസ് ക്ലബിൽനടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ നിയമനത്തിലും ക്രമക്കേട് നടത്തിയിട്ടുണ്ട്. വർഷങ്ങളായി താത്കാലിക ജീവനക്കാരായി തുടരുന്നവരെ തഴഞ്ഞ് ഇടതുപക്ഷ അനുഭാവികളെയാണ് തെരഞ്ഞെടുത്തത്. സെലക്ഷൻ കമ്മിറ്റിയിൽ സാമൂഹികപ്രവർത്തകരെന്നപേരിൽ ഉൾപ്പെടുത്തിയ അഞ്ചുപേരും എൽഡിഎഫ് നേതാക്കളാണ്. ജനപ്രതിനിധികളെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
പാവപ്പെട്ടവരെ ഒഴിവാക്കി, മാനദണ്ഡങ്ങൾപാലിക്കാതെ പാർട്ടി അനുഭാവികളെ ഉൾപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്നും സാധാരണക്കാർക്ക് നീതികിട്ടാത്ത ഇടമായി വരവൂർ പഞ്ചായത്ത് മാറിയെന്നും എം. വീരചന്ദ്രൻ കൂട്ടിച്ചേർത്തു.