ട്രാൻസ്ജെൻഡേഴ്സിനെ സമൂഹം ചേർത്തുപിടിക്കണം: മന്ത്രി ബിന്ദു
1581357
Tuesday, August 5, 2025 1:04 AM IST
തൃശൂർ: മണപ്പുറം ഫൗണ്ടേഷനു കീഴിലുള്ള മണപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ഡെവലപ്മെന്റിൽ (മാസ്കിൽ) 15 ട്രാൻസ്ജെൻഡർ വ്യക്തികൾക്കു ബ്യൂട്ടി ആൻഡ് വെൽനെസ് സ്കിൽ സൗജന്യപരിശീലനത്തിനു തുടക്കമായി. മണപ്പുറം അക്വാട്ടിക് കോംപ്ലക്സിൽ നടന്ന ചടങ്ങ് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
കടുത്ത ആന്തരികസംഘർഷങ്ങളും യാതനകളുമനുഭവിക്കുന്ന ട്രാൻസ്ജെൻഡർമാരെ ചേർത്തുപിടിക്കാനും താങ്ങാകാനും മുന്നോട്ടുവന്ന മണപ്പുറം ഫൗണ്ടേഷനെ മന്ത്രി അഭിനന്ദിച്ചു.
പദ്ധതിക്കായുള്ള 2,30,000 രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി. തൃക്കാക്കര ഭാരതമാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആൻഡ് എൻവയണ്മെന്റിന്റെ (ബിഫോർ) സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി. ദാസ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രഭാനു മുഖ്യപ്രഭാഷണം നടത്തി. ’ബിഫോർ’ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. എൽ. ആര്യ ചന്ദ്രൻ, മാസ്കിൽ ട്രെയ്നർ ട്രാൻസ്വുമണ് ഗംഗ നിഹാരിക എന്നിവർ ആശംസനേർന്നു. മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശില്പ തെരേസ സെബാസ്റ്റ്യൻ സ്വാഗതവും മാസ്കിൽ സെന്റർ ഹെഡ് ആർ. ശ്രീനാഥ് നന്ദിയും പറഞ്ഞു.