കോഴിക്കുളങ്ങരപൂജ ഭക്തിസാന്ദ്രമായി
1581107
Monday, August 4, 2025 1:11 AM IST
കൊടുങ്ങല്ലൂർ: കുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്നും കോഴിക്കുളങ്ങര ക്ഷേത്രത്തിലെത്തി നൂറ്റാണ്ടുകളായി നടന്നുവരുന്ന കോഴിക്കുളങ്ങര പൂജ ഭക്തിപൂർവം നട ന്നു.
കർക്കടക മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയായ ഇന്നലെ ഉച്ചപ്പൂജ പതിവിലും നേരത്തെ പൂർത്തിയാക്കി 11ന് നട അടച്ച് കാവിൽക്കടവിൽനിന്നും പരമ്പരാഗത വള്ളത്തിൽ കനോലിക്കനാൽവഴി കരൂപ്പടന്ന പുഴയിലൂടെ കോഴിക്കുളങ്ങരയിലെത്തി. പുഴക്കടവിൽനിന്നു കോഴിക്കുളങ്ങര ക്ഷേത്രത്തിലെ വിശ്വാസികൾ താലമേന്തി ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. തുടർന്നാണു വിശേഷാൽ പൂജ നടത്തിയത്.
ഭഗവതിക്ക് അഭിഷേകം, മലർ നിവേദ്യം എന്നിവയ്ക്കുശേഷം ശർക്കര പന്തീരുനാഴി, വെള്ള പന്തീരുനാഴി, തണ്ണീരാമൃതം എന്നിവ കോഴിക്കുളങ്ങര ഭഗവതിക്കു നിവേദിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽകർത്ത, അസി. കമ്മീഷണർ എം. ആർ. മിനി, ദേവസ്വം മാനേജർ കെ. വിനോദ്, സത്യധർമൻ അടികൾ എന്നിവർ നേതൃത്വം നൽകി.
പാച്ചാംമ്പിള്ളി നമ്പൂതിരിയുടെ നേതൃത്തിലാണു പൂജകൾ നടന്നത്.