തദ്ദേശതെരഞ്ഞെടുപ്പിലും എൽഡിഎഫിനെതിരേ പ്രചാരണം നടത്തും: മദ്യനിരോധനസമിതി
1581358
Tuesday, August 5, 2025 1:04 AM IST
തൃശൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും, മദ്യം വ്യാപകമാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരേ ശക്തമായ പ്രചാരണം നടത്തുമെന്നു കേരള മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ. മദ്യനിരോധനസമിതി തൃശൂർ ജില്ലാ കണ്വൻഷൻ സെന്റ് തോമസ് കോളജ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യലഭ്യത കുറയ്ക്കുമെന്നു വാഗ്ദാനംനൽകി വോട്ടുനേടിയ എൽഡിഎഫ്, അധികാരം ലഭിച്ചപ്പോൾ ആദ്യംചെയ്തത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം ഓർഡിനൻസിലൂടെ എടുത്തുമാറ്റുകയാണ്. തുടർന്നു വ്യാപകമായി ബാർ ലൈസൻസ് അനുവദിച്ചു.
ഒന്പതുവർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്തു ബാറുകൾ 33 ഇരട്ടിയാക്കി, മദ്യപിക്കുന്ന ശീലമില്ലാത്തവരെയും പ്രലോഭിപ്പിച്ചു കുടിപ്പിച്ചു. നാടെങ്ങും മദ്യമൊഴുക്കി കുടുംബങ്ങൾ തകർത്ത എൽഡിഎഫ്, ആ വഞ്ചനയ്ക്ക് തദ്ദേശതെരഞ്ഞെടുപ്പിലും ഉത്തരംപറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമിതി ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി പി.എം. ഹബീബുള്ള, കെ.കെ. സത്യൻ, കെ.എ. ഗോവിന്ദൻ, മാർട്ടിൻ പേരേക്കാടൻ, എ. മോഹൻദാസ്, ജോണ്‍കുട്ടി ചുങ്കത്ത്, ജോസ് ചെന്പിശേരി എന്നിവർ പ്രസംഗിച്ചു.