ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഡയാലിസിസ് സെന്റര്‍ നാടിനു സമര്‍പ്പിച്ചു
1581013
Sunday, August 3, 2025 8:14 AM IST
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഓണ്‍ലൈനായി പൊറത്തിശേരി കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ഒപി ബ്ലോക്കിന്റെയും കാറളം പഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ്സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. സെന്ററിൽ ഒരേസമയം 10 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും.
2012 മുതല്‍ ജനറല്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രിയിലെ ദീര്‍ഘകാല ആവശ്യമായിരുന്നു ഡയാലിസിസ് സെന്റര്‍. മൂന്നുകോടി 98 ലക്ഷം രൂപ ചെലവിട്ടാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കെട്ടിടം നിര്‍മിച്ചത്. ഒരു കോടി 29 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് മെഷീനും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.കെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അംബിക പള്ളിപ്പുറത്ത്, ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, ജില്ലാ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷീല ജയഘോഷ്, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി വികസനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.