ഖാദി ജീവിതശൈലിയുടെ ഭാഗമാകണം: കെ. രാജൻ
1581355
Tuesday, August 5, 2025 1:04 AM IST
തൃശൂർ: ഖാദി കേവലമൊരു ഫാഷനല്ല, മലയാളി ഉയർത്തിപ്പിടിക്കേണ്ട അടിയന്തരവും അനിവാര്യവുമായ സംസ്കാരമാണെന്നു മന്ത്രി കെ. രാജൻ. ഖാദി ഒരു വസ്ത്രംമാത്രമല്ല അതൊരു ജീവിതശൈലിയുടെ ഭാഗമായി മാറേണ്ട മഹത്തരമായിട്ടുള്ള ആശയമാണ്. അതുകൊണ്ടുതന്നെ ഖാദിയെ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ 2025 ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒളരിക്കര ഖാദി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ആദ്യവില്പനയും സമ്മാന കൂപ്പണ്‍ വിതരണവും അധ്യക്ഷൻ സുരേഷ് ബാബുവും പുതിയ ഖാദി ഉത്പന്നങ്ങളായ ബാന്ദ്നി, ഷിബോരി ചുരിദാർ മെറ്റീരിയലുകളുടെ ലോഞ്ചിംഗ് എൽത്തുരുത്ത് ഡിവിഷൻ കൗണ്‍സിലർ സജിത ഷിബുവും നിർവഹിച്ചു.
മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. രവി, ചേർപ്പ് ഖാദി സൊസൈറ്റി മാനേജർ എൻ.എസ്. വിജിനി, വിവിധ സംഘടനാപ്രതിനിധികളായ എം.ഒ. ഡെയ്സണ്‍, എ.എ. നൗഷാദ്, കമല സദാനന്ദൻ, ധന്യ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
സെപ്റ്റംബർ നാലുവരെ നീളുന്ന മേളയിൽ നവീന ഫാഷനിലുള്ള ഖാദി റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാറുകൾ, ജുബകൾ, ദോത്തികൾ, കോട്ടണ്‍ സിൽക്ക് സാരികൾ, വെള്ള ഡബിൾമുണ്ടുകൾ, കുപ്പടം മുണ്ടുകൾ, ബെഡുകൾ തുടങ്ങിയ തനത് ഉത്പന്നങ്ങളും ലഭിക്കും.