സമയത്തെച്ചൊല്ലി തർക്കം; ബസുകൾ കോടതിക്ക് കൈമാറി
1581113
Monday, August 4, 2025 1:11 AM IST
വരന്തരപ്പിള്ളി: സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തിൽ ബസിൽകയറി കണ്ടക്ടറെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ബസുകൾ കോടതിക്ക് കൈമാറി. കേസിൽ മറ്റൊരു പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. മത്സരയോട്ടം നടത്തിയതിനും മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം ഓടിച്ചതിനുമാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്.
അക്രമത്തെ തുടർന്ന് വരന്തരപ്പിള്ളി പൗണ്ട് പ്രദേശത്ത് ഗതാഗതതടസവുമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കോടാലി - തൃശൂർ റൂട്ടിൽ ഓടുന്ന ക്രിസ്റ്റ ബസിലെ കണ്ടക്ടർ വരന്തരപ്പിള്ളി തെക്കുമുറി സ്വദേശി വൈദ്യക്കാരൻ വീട്ടിൽ ആന്റണിയെ തൃശൂർ- വരന്തരപ്പിള്ളി - ചിമ്മിനി റൂട്ടിൽ സർവീസ് നടത്തുന്ന യാസിൻ ബസിലെ ക്ലീനർ ചെങ്ങാലൂർ കൈതാരത്ത്വീട്ടിൽ സിബി ബസിൽകയറി ആക്രമിക്കുകയായിരുന്നു.
ഇയാള് നേരത്തേ അറസ്റ്റിലായി. ഇയാൾ വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. സിബിയോടൊപ്പം കാറിലെത്തിയ കണ്ടക്ടർ സുജിത്തും സംഭവത്തിൽ പങ്കാളിയായിരുന്നു. ഇയാളെ പോലീസ് തിരയുകയാണ്. ഇവരെ ഒളിവിൽകഴിയാൻ സഹായിച്ചയാളും ബസിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ്. ഇയാളും നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. സ്വകാര്യബസുകൾ പൊതുനിരത്തുകളിലൂടെ അപകടകരമായവിധത്തിൽ ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയോഗിക്കരുതെന്നും റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.