കോനിക്കര റോഡിലെ കുഴികൾ അപകടക്കെണിയാകുന്നു
1581023
Sunday, August 3, 2025 8:14 AM IST
തൃക്കൂർ: കുഞ്ഞനംപാറ റോഡിൽ കോനിക്കരയിൽ രൂപപ്പെട്ട കുഴികൾ അപകടക്കെണിയാകുന്നു. ഏറെയും ഇരുചക്രവാഹനങ്ങളാണ് കുഴിയിൽവീണ് അപകടത്തിൽപ്പെടുന്നത്.
നിരവധി അപകടങ്ങളാണ് അടുത്തിടെയായി ഇവിടെ സംഭവിച്ചത്. കലുങ്കിനോടുചേർന്ന് രൂപപ്പെട്ട കുഴികൾ അകലെനിന്നുവരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് ശ്രദ്ധയിൽപെടാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്. കുഴിയിൽവീഴുന്ന ഇരുചക്രവാഹനങ്ങളിൽനിന്ന് യാത്രക്കാർ തെറിച്ചുവീണാണ് പരിക്കേൽക്കുന്നത്. ഒന്നരമാസത്തിനിടെ ഇരുപതോളം അപകടങ്ങളാണ് ഈ കുഴിയിൽ വീണുണ്ടായത്. കുറച്ചുനാളുകൾക്ക് മുൻപാണ് ഇവിടെ കുഴികൾ രൂപപ്പെട്ടത്. മഴ ശക്തമായതോടെ വെള്ളക്കെട്ടും രൂക്ഷമായി. ഇതോടെ കുഴികൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി.
കഴിഞ്ഞദിവസം മാത്രം രണ്ട് അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. കല്ലൂർ സ്വദേശിയായ യുവതിക്ക് സ്കൂട്ടർ മറിഞ്ഞും അംഗപരിമിതനായ ലോട്ടറി വിൽപ്പനക്കാരന്റെ മുച്ചക്രവാഹനം മറിഞ്ഞും അപകടം സംഭവിച്ചു. തൃക്കൂർ - പുത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലുങ്കിന്റെ സ്ലാബുകളിട്ട ഭാഗത്തെ കുഴികൾമാത്രമാണ് റോഡിന്റെ അപാകത. അത്യാധുനികരീതിയിൽ നിർമിച്ച റോഡിൽ രൂപപ്പെട്ട കുഴികൾനികത്തി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.