ജില്ലയിൽ ഇന്ന് റെഡ് അലർട്ട്; നാളെ ഓറഞ്ച്
1581354
Tuesday, August 5, 2025 1:04 AM IST
തൃശൂർ: ജില്ലയിൽ ഇന്ന് അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്. നാളെ അതിശക്തമായ മഴയ്ക്കു
സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നു
രണ്ടുദിവസം ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
പൊതുജനങ്ങൾക്കുള്ള
പ്രത്യേക നിർദേശങ്ങൾ:
* ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോരമേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്കു മാറിത്താമസിക്കേണ്ടതാണ്. പകൽസമയത്തുതന്നെ മാറിത്താമസിക്കാൻ ആളുകൾ തയാറാവണം.
* സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാന്പുകളിലേക്കു മാറണം.
* ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
* ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ, മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
* മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോരമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതുരെ ഒഴിവാക്കേണ്ടതാണ്.